

കോഴിക്കോട്: രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ വയോധികനെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പി പി എം അഷറഫാണ് പിടിയിലായത്.

കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ അഷറഫിന്റെ സഹോദരന്‍ പി പി എം ഉമ്മര്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ നടപടിക്കെതിരെയാണ് രാഷ്ട്രപതിയുടെ വ്യാജ ഉത്തരവ് കാണിച്ച് നടപടി തടയാന്‍ ശ്രമിച്ചത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചതിന് കാരണം.

കെട്ടിടം പൊളിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഉമ്മര്‍കുട്ടി കോര്‍പ്പറേഷന്‍ നടപടി നിര്‍ത്തിവെക്കണമെന്ന രാഷ്ട്രപതിയുടെ ഉത്തരവ് നല്കിയെങ്കിലും പൊലീസിന് കൈമാറിയ രേഖ പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉമ്മര്‍കുട്ടി നേരത്തെ ഈ ഉത്തരവ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഗവണ്‍മെന്റ് സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്കും അയച്ചിരുന്നു.
‘പ്രസിഡന്‍ഷ്യന്‍ ഡിക്രി’ എന്ന പേരില്‍ രാഷ്ട്രപതി നല്‍കിയ ഉത്തരവില്‍ മന്ത്രിസഭയുടെ അധികാരം ഇല്ലാതെ പാസാക്കിയ നഗരസഭ ചട്ടങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് പറയുന്നത്. രാഷ്ട്രപതി പരാതി നല്‍കാനുള്ള പോര്‍ട്ടലില്‍ പരാതി നല്‍കിയ അഷറഫ് അനുബന്ധ രേഖയായി രാഷ്ട്രപതിയുടെ വ്യാജ മറുപടിയും സ്‌കാന്‍ ചെയ്ത് ചേര്‍ത്ത് തട്ടിപ്പ് നടത്തുകയായിരുന്നു.
കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ രണ്ടാം പ്രതിയായ അഷറഫിന്റെ സഹോദരന്‍ പി പി എം ഉമ്മര്‍കുട്ടി ഒളിവിലാണ്.

