മയക്കുമരുന്നുമായി മഞ്ഞുമ്മല്‍ മച്ചാന്‍മാര്‍ എക്‌സൈസ് പിടിയില്‍

Web Desk
3 Min Read

കൊച്ചി/ മഞ്ഞുമ്മല്‍: കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന ലഹരി സംഘങ്ങള്‍ക്കെതിരെ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടപടി കടുപ്പിക്കുന്നു. ‘മഞ്ഞുമ്മല്‍ മച്ചാന്‍’ എന്ന ലഹരി സംഘത്തിലെ പ്രധാനിയായ മര്‍ച്ചന്റ് നേവി വിദ്യാര്‍ഥിയേയും സുഹൃത്തിനേയുമാണ് എക്‌സൈസ് സംഘം പിടി കൂടിയത്.

city exchange

കൊച്ചി ഏലൂര്‍ മഞ്ഞുമ്മല്‍ സ്വദേശി ആശാരി പറമ്പില്‍ വീട്ടില്‍ ഷബിന്‍ ഷാജി (26), ആലുവ ചൂര്‍ണ്ണിക്കര അമ്പാട്ടുകാവ് കരയില്‍ വെളുത്തേടത്ത് വീട്ടില്‍ അക്ഷയ് വി എസ് (27) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, വരാപ്പുഴ റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.

ഇവരുടെ പക്കല്‍ നിന്ന് ഐസ് മെത്ത് എന്ന വിളിപ്പേരുള്ള 10 ഗ്രാം മെത്താംഫിറ്റാമിന്‍ കണ്ടെടുത്തു. രാജസ്ഥാനില്‍ മര്‍ച്ചന്റ് നേവി കോഴ്‌സ് ചെയ്യുന്ന ഷബിന്‍ അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയില്‍ നിന്ന് തുച്ചമായ വിലക്ക് മയക്ക് മരുന്ന് വാങ്ങി കളമശ്ശേരി, ഏലൂര്‍, മഞ്ഞുമ്മല്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തി വരുകയായിരുന്നു.

രണ്ടാഴ്ച മുന്‍പ് വൈറ്റില ചക്കരപ്പറമ്പ് നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും 3 കിലോ കഞ്ചാവും 18 എണ്ണം നൈട്രോസെപാം ഗുളികകളുമായി രണ്ട് പേരെ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ‘മഞ്ഞുമ്മല്‍ മച്ചാന്‍’ എന്ന പേരില്‍ എറണാകുളം ടൗണ്‍ ഭാഗത്ത് മയക്ക് മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ ഇവരുടെ ഫോണ്‍ കോള്‍ വിവരങ്ങളും സമൂഹ മാധ്യമ അക്കൗണ്ടുകളും സൂക്ഷ്മമായി പരിശോധിച്ച് ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു.

- Advertisement -
Ad image

ഇവരുടെ കൈയ്യില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി വില്‍പ്പന നടത്തുന്നവര്‍ക്ക് അര്‍ധരാത്രിയോട് കൂടി ഇവര്‍ക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മല്‍ കടവ് റോഡില്‍ വച്ചാണ് മയക്ക് മരുന്ന് കൈമാറിയിരുന്നത് എന്ന് സീസ് ടീം കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടുകൂടി മഞ്ഞുമ്മല്‍ കടവ് ഭാഗത്ത് മയക്ക് മരുന്ന് കൈമാറുവാന്‍ എത്തിയ ഇരുവരും എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ഇരുവരേയും പിന്തുടര്‍ന്ന് പിടി കൂടുകയായിരുന്നു.

പിടിയിലായ സമയം അക്രമാസക്തനായ ഷബിന്‍ ഷാജി കൈവശം ഉണ്ടായിരുന്ന മയക്ക്മരുന്ന് വിഴുങ്ങി കളയാന്‍ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടല്‍ മൂലം വിജയിച്ചില്ല.

ഷബിനും അക്ഷയും വരാപ്പുഴ എക്‌സൈസ് റേഞ്ചിലെ തന്നെ മുന്‍ മയക്ക് മരുന്ന് കേസിലെ പ്രതികളാണ്. ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാര്‍ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാല്‍ മറ്റ് ലഹരി വസ്തുക്കളേക്കാള്‍ പതിന്‍മടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത്. ക്രിസ്റ്റല്‍ മെത്തിന് കയ്‌പ്പേറിയ രുചിയാണുള്ളത്. വെള്ളത്തില്‍ വേഗത്തില്‍ അലിഞ്ഞു ചേരും. എന്നാല്‍ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകര്‍ക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി.

ശരീരത്തിന്റെ താപനിലയും രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്‌ട്രോക്കിനു വരെ കാരണമായേക്കാം. ഇവരുടെ മയക്ക് മരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചീഫ് അസി. കമ്മീഷണര്‍ ടി അനികുമാര്‍ അറിയിച്ചു.

വരാപ്പുഴ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം പി പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത്കുമാര്‍, വരാപ്പുഴ റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി യു ഋഷികേശന്‍, പ്രിവന്റീവ് ഓഫീസര്‍ അനീഷ് കെ ജോസഫ്, സി ഇ ഒമാരായ അനൂപ് എസ്, സമല്‍ദേവ്, വനിതാ സി ഇ ഒ തസിയ കെ എം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് റിമാന്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!