ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ കഥയുമായി മനോജ് പാലോടന്റെ പുതിയ സിനിമ

Web Desk
2 Min Read

കൊച്ചി: മെന്റല്‍ ഹോസ്പിറ്റലില്‍ അസുഖം ഭേദമായി കഴിയുന്നവരുടെ കണക്കുകള്‍ പ്രൊമോഷന്‍ വീഡിയോയിലൂടെ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. അസുഖം ഭേദമായിട്ടും ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ തുടരേണ്ടിവരുന്ന മനുഷ്യരുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ മനോജ് പാലോടന്‍ പുതിയ സിനിമയൊരുക്കുന്നു.

city exchange

പത്രവാര്‍ത്ത പ്രകാരം കേരളത്തിലെ പ്രധാന സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടും ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയാതെ 175-ലധികം പേര്‍ തുടരുന്നുണ്ട്. കോഴിക്കോട് കുതിരവട്ടത്ത് 80 പേരും തിരുവനന്തപുരത്ത് 55 പേരും തൃശൂരില്‍ ഏകദേശം 40 പേരും ഇത്തരത്തില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ചികിത്സ പൂര്‍ത്തിയാക്കിയിട്ടും കുടുംബങ്ങളുടെ അവഗണനയും പുനരധിവാസ സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയാത്തവരുടെ ദുരവസ്ഥയാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചികിത്സയ്ക്കപ്പുറം കുടുംബത്തിന്റെ കരുതലും സാമൂഹിക പിന്തുണയും പുനരധിവാസ സംവിധാനങ്ങളും എത്രത്തോളം അനിവാര്യമാണെന്ന ചോദ്യവും ഈ സാഹചര്യം ഉയര്‍ത്തുന്നു.

ഈ സാമൂഹിക യാഥാര്‍ഥ്യത്തെ വൈകാരികമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മനോജ് പാലോടന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബാബു തട്ടില്‍ സി എം ഐയും മനോജ് പാലോടനും ചേര്‍ന്നാണ് ഒരുക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡക്ഷന്‍ അഡൈ്വസര്‍ ഡോ. കെ എ കുര്യച്ചന്‍ ആന്റണി കാട്ടുകാരന്റെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മയായ കാസറ്റര്‍ ആന്റ് പുല്ലോക്‌സ് മീഡിയ എന്റര്‍ടയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

- Advertisement -
Ad image

‘ഈ സിനിമ തിയേറ്ററില്‍ കണ്ടിറങ്ങുമ്പോള്‍, ബന്ധുക്കളുടെ മനഃപൂര്‍വമോ അല്ലാതെയോ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവരില്‍ ആരുടെയെങ്കിലും മനസ്സില്‍ മാറ്റമുണ്ടാകണം. സിനിമ കണ്ടതിലൂടെ ഒരാളെയെങ്കിലും സ്വന്തം വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയ്യാറായാല്‍, അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയമെന്ന് ഞാന്‍ കരുതുന്നു,’ സംവിധായകന്‍ മനോജ് പാലോടന്‍ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ പ്രകാശ് ഉള്ളേരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങളുടെ കമ്പോസിംഗ് വിജയദശമി ദിനത്തില്‍ പാലക്കാട് തത്വ മ്യൂസിക് സൊല്യൂഷന്‍ സ്റ്റുഡിയോയില്‍ ആരംഭിച്ചു.

തൃശൂര്‍, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി 2027 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. അഭിനേതാക്കളുടെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

മാനസികാരോഗ്യ ചികിത്സയ്ക്കു ശേഷവും വീടുകളിലേക്ക് മടങ്ങാനാകാതെ കഴിയുന്ന മനുഷ്യരുടെ ജീവിതം സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കുടുംബബന്ധങ്ങളുടെയും മനുഷ്യത്വത്തിന്റെയും പ്രാധാന്യം ഓര്‍മിപ്പിക്കാനുമാണ് ചിത്രം ലക്ഷ്യമിടുന്നത്.
പി ആര്‍ ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!