ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കലാകാരന്മാരുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണെന്ന് മന്ത്രി പി രാജീവ്

Web Desk
2 Min Read

കൊച്ചി: ഈ കാലഘട്ടം വല്ലാത്ത ആകുലതകളുടേതാണെന്നും രാജ്യത്തെ ജനാധിപത്യവും മതേതരത്വവും വലിയ വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ കലാകാരന്മാരുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണെന്നും സംസ്ഥാന വ്യവസായ, തൊഴില്‍, കയര്‍ വകുപ്പുമന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയിലും മറ്റ് മൂന്നിടങ്ങളിലുമായി കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

city exchange

നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്നാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത്. എന്നാല്‍ നമ്മുടെ ഭരണഘടനാ നിര്‍മാണ സഭയില്‍ ഇത് ദൈവനാമത്തില്‍ എന്ന് ഭേദഗതി ചെയ്യണമെന്ന് എച്ച് വി കമ്മത്ത് വാദമുന്നയിച്ചു. സഭ അത് 68നെതിരെ 41 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. നമ്മുടെ ഭരണഘടനാശില്‍പ്പികള്‍ രാജ്യത്തെ ഒരു മതേതര റിപ്പബ്ലിക്കായാണ് അങ്ങനെ വിഭാവനം ചെയ്തത്. എന്നാല്‍ ഇന്ന് നമ്മുടെ ജനാധിപത്യവും മതേതരത്വവും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്ന് മന്ത്രി പറഞ്ഞു.

ടി ജെ വിനോദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രി പി രാജീവ്, ടി ജെ വിനോദ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ തുടങ്ങിയവര്‍ അക്കാദമി ഏര്‍പ്പെടുത്തിയ അക്കാദമിയുടെ ഫെല്ലോഷിപ്പുകളും സംസ്ഥാന ദൃശ്യകലാ പുരസ്‌കാരങ്ങളും വിജയികള്‍ക്ക് കൈമാറി.

- Advertisement -
Ad image

271 കലാകാരരുടെ 374 കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രം, ഫോര്‍ട്ട് കൊച്ചി പെപ്പര്‍ ഹൗസ്, കോഴിക്കോട് അക്കാദമി ആര്‍ട്ട് ഗാലറി, കായംകുളം ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം ആന്റ് ആര്‍ട്ട് ഗാലറി എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടക്കുന്നത്. 861 കലാകാരരുടെ 3519 സൃഷ്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയാണ് പ്രദര്‍ശനത്തിനുള്ളത്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി രാജീവ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അഭാവത്തില്‍ മകന്‍ ദേവന്‍ ആദരം ഏറ്റുവാങ്ങി. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് കലാപ്രവര്‍ത്തനം നടത്തിവരുന്ന മലയാളിയായ പ്രഭാവതി മേപ്പയില്‍, വഡോദരയിലും ലണ്ടനിലുമായി കലാപ്രവര്‍ത്തനം തുടരുന്ന തിരുവനന്തപുരം സ്വദേശിയായ ഷിബു നടേശന്‍ എന്നിവര്‍ക്ക് അക്കാദമി ഫെലോഷിപ്പുകള്‍ സമ്മാനിച്ചു. ഇരുവരും നിരവധി അന്തരാഷ്ട്ര കലാപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനു നല്‍കി സാംസ്‌കാരിക വകുപ്പ് അഡീഷനല്‍ കെ ജനാര്‍ദ്ദന്‍ പ്രദര്‍ശനത്തിന്റെ കാറ്റലോഗ് പ്രകാശനം ചെയ്തു. കൊച്ചി മേയര്‍ അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ എന്നിവരും പ്രസംഗിച്ചു.

ചടങ്ങിനു മുന്നോടിയായി ആര്‍ എല്‍ വി വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളവും ചടങ്ങിനോടനുബന്ധിച്ച് ശങ്ക ട്രൈബ് അവതരിപ്പിച്ച സംഗീതപരിപാടിയും നടന്നു.

പ്രദര്‍ശനം ജൂണ്‍ 28 വരെ നീണ്ടുനില്‍ക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!