

ദോഹ: ഹജ്ജിനും ഉംറയ്ക്കുമുള്ള എല്ലാ പ്രതിരോധ കുത്തവെയ്പുകളും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ സൗജന്യമായി ലഭ്യമാകുമെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് അറിയിച്ചു. വാക്സിനേഷനുകള്‍ സൗജന്യമായി ഖത്തറിലെ വിവിധ പ്രദേശങ്ങളിലെ 31 ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.

സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കോവിഡിന് മുമ്പുള്ളതുപോലെ പ്രായപരിധിയിലും നിയന്ത്രണങ്ങളില്ല.

ഈ വര്‍ഷം തീര്‍ഥാടനം നടത്തുന്നവര്‍ രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചിരിക്കണം. ഖത്തറിന് പുറത്തു നിന്നുള്ള തീര്‍ഥാടകര്‍ ആവശ്യമായ വാക്‌സിനേഷനുകള്‍ സ്വീകരിച്ച സാധുവായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ തീര്‍ഥാടകര്‍ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതര്‍ ഊന്നിപ്പറയുന്നു.
ചില പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ഹജ്ജിന് മുമ്പ് (യാത്രയ്ക്ക് 10 ദിവസമോ അതില്‍ കൂടുതലോ) വാക്‌സിനേഷന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം പി എച്ച് സി സി വ്യക്തമാക്കി.

