പരിഹാസം എന്ന് തോന്നിയ നിമിഷങ്ങള്‍

Web Desk
4 Min Read

നമ്മുടെ കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്നു എന്ന് പറഞ്ഞ നേറ്റിവിറ്റി കാര്‍ഡ്. ഈയൊരു കാര്‍ഡ് കൊണ്ട് ഉദേശിക്കുന്നതും ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള മറ്റൊരു കാര്‍ഡ് എന്നല്ലേ. ഒരു വ്യക്തിയെ തിരിച്ചറിയാന്‍ എത്രയെത്ര കാര്‍ഡുകളാണ് ഇന്ന് തത്വത്തില്‍ നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എസ് എസ് എല്‍ സി ബുക്ക് തുടങ്ങി നിരവധി കാര്‍ഡുകളുടെ ഒരു ശൃംഗലയാണ് ഒരു വ്യക്തിയെ തിരിച്ചറിയാനായി നമ്മുടെ കേരളത്തിലും ഇന്ത്യയിലുമുള്ളത്.

city exchange

എന്റെ അറിവ് കുറവ് കൊണ്ടാണോ വിവേക കുറവാണോ എന്നറിയില്ല ഇതൊക്കെ ഒരു പരിഹാസമായാണ് എനിക്ക് തോന്നുന്നത്. ഇത്രയൊക്കെ അങ്ങ് ചെറുതായി പോയോ വലിയ വലിയ ദീര്‍ഘ വീക്ഷണവും ചിന്താഗതിയും കാഴ്ചപ്പാടുമുള്ള നമ്മുടെ ഭരണ സിരാ കേന്ദ്രങ്ങളിലിരിക്കുന്ന ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍.

150 കോടി ആളുകള്‍ അധിവസിക്കുന്ന നമ്മുടെ രാജ്യത്തെ ഒരു വ്യക്തിയെ തിരിച്ചറിയാന്‍ ഒട്ടനവധി കാര്‍ഡുകള്‍ ഓരോരോ സമയങ്ങളില്‍ സൃഷ്ടിച്ച് വളരെ വേണ്ടപ്പെട്ടതും വിലയേറിയതുമായ സമയം ചെലവഴിക്കുന്നത്. ഇതിന് ചെലവഴിക്കുന്ന സമയത്തിന്റെ കണക്കെടുത്ത് അരശതമാനമെങ്കിലും മറ്റുള്ള കാര്യങ്ങള്‍ക്ക് ചെലവഴിക്കാനായി നമ്മുടെ ആളുകളെ പ്രയോജനപ്പെടുത്തിയാല്‍ എത്രമാത്രം ഉയര്‍ച്ചയും വളര്‍ച്ചയും കുതിപ്പും നമ്മുടെ രാജ്യത്തുണ്ടാവുമായിരുന്നു. ഒരു 100 ആളുകളെ ഉള്‍പ്പെടുത്തി 10 മണിക്ക് കൂടാമെന്ന് തീരുമാനിച്ച ഒരു യോഗത്തിലേക്ക് ഒരാള്‍ 10 മിനുട്ട് നേരം വൈകി വന്നാല്‍ ആ 99 ആളുകളുടെ എത്ര സമയമാണ് നഷ്ടപ്പെടുന്നതെന്ന് എപ്പോഴെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരാള്‍ 10 മിനുട്ട് നേരം വൈകിയാല്‍ 99 ആളുകളുടെ 10 മിനുട്ട് വെച്ച് കണക്കുകൂട്ടിയാല്‍ 41 ദിവസത്തെ സമയമാണ് നഷ്ടപ്പെടുത്തുന്നത്. ഈ രീതിയില്‍ 150 കോടി ജനങ്ങളുടെ പത്തും ഇരുപതും മിനുട്ട് നഷ്ടപ്പെടുത്തിയാല്‍ ഒരു നൂറ്റാണ്ടിനുമപ്പുറം ചെലവഴിക്കേണ്ട സമയമാണ് ഈ ഭരണാധികാരികള്‍ മുഖേന നഷ്ടപ്പെടുന്നത്. ഇത് എന്തിന്റെ പേരിലാണ് നഷ്ടപ്പെടുന്നത് ഒരു പൗരനെ തിരിച്ചറിയാനുള്ള ഐഡന്റിറ്റിയുടെ പേരില്‍.

ഞാനിവിടെ ഒരു കാര്യം സൂചിപ്പിക്കട്ടെ- 2026 ജനുവരി ഒന്ന് മുതലെങ്കിലും കേരളത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ എന്ത് പേരിട്ടാലും നമ്മുടെ ഗവണ്‍മെന്റ് ഒരു നമ്പറിട്ട് രേഖകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഈ നമ്പറായിരിക്കണം ആ കുട്ടിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഐഡന്റിറ്റിയും ട്രാക്ക് നമ്പറും. ഇത്തരത്തിലൊരു ട്രാക്ക് റിക്കാര്‍ഡ് നടപ്പിലാക്കി പോന്നാല്‍ ഒരു എണ്‍പത് തൊണ്ണൂറ് വര്‍ഷം കഴിയുമ്പോഴേക്കും നമ്മുടെ നാട്ടിലെ മുഴുവന്‍ പൗരന്‍മാരെയും തിരിച്ചറിയാനുള്ള ഒരു നമ്പര്‍ സിസ്റ്റം നടപ്പിലാക്കാന്‍ സാധിക്കുകയും ചെയ്യും, ഒരു ഐഡന്റിറ്റി കാര്‍ഡും മതിയാവും. ഇതിലും നല്ലൊരു ആശയം വേറെയുണ്ടോയെന്ന് സംശയമാണ്. ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടില്‍ ഏതെങ്കിലും ഒരു ഗവണ്‍മെന്റ് ഓഫീസിലേക്ക് ഒരു രേഖ ശരിയാക്കാന്‍ ഒരു സാധാരണ പൗരന്‍ പോയാല്‍ അയാളുടെ ഐഡന്റിറ്റി പ്രൂവ് ചെയ്യാന്‍ ചോദിക്കുന്ന ആധികാരിക രേഖ ഒരു പക്ഷെ ജനന സര്‍ട്ടിഫിക്കറ്റായിരിക്കും, അല്ലെങ്കില്‍ ആധാര്‍ കാര്‍ഡായിരിക്കും. ഈ രേഖകളുമായി മറ്റേതെങ്കിലും ഓഫീസില്‍ ചെന്നാല്‍ അവര്‍ക്ക് വേണ്ടത് ഇതൊന്നുമായിരിക്കില്ല പകരം എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റായിരിക്കും ഐഡന്റിറ്റി തെളിയിക്കാന്‍ ചോദിക്കുക. ഇതുകൊണ്ടെല്ലാം എത്ര ബുദ്ധിമുട്ടാണ് സാധാരണക്കാരന്‍ നേരിടുന്നത്. അതിനെല്ലാമുള്ളൊരു പോം വഴി ഏകീകൃത നമ്പര്‍ സിസ്റ്റം നടപ്പിലാക്കുക എന്നുള്ളതാണ് ഈ എളിയവന്റെ ആശയം.

- Advertisement -
Ad image

നമ്മുടെ നാട്ടില്‍ ഒരു പാസ്‌പോര്‍ട്ട് എടുത്ത് കഴിഞ്ഞാല്‍ അതിനെന്തെങ്കിലും ചളി പുരളുകയോ, ഡാമേജാവുകയോ, പേജ് തീരുകയോ, എക്‌സ്‌പെയറി ഡേറ്റ് കഴിയുകയോ ചെയ്താല്‍ പുതുതായി ലഭിക്കുന്ന പാസ്‌പോര്‍ട്ട് മറ്റൊരു നമ്പറിലാണ് ലഭിക്കുക. അങ്ങനെ ഒരു അഞ്ച് പാസ്‌പോര്‍ട്ട് എടുത്താല്‍ അഞ്ച് നമ്പറാണ് ഉണ്ടാവുക. ഇതിനോടുണ്ടാവുന്ന ബുദ്ധിമുട്ടിനേയും സമയ നഷ്ടത്തേയും കുറിച്ച് ഒരു പഠനം ആരെങ്കിലും നടത്തിയിട്ടുണ്ടോ. അതോ ബുദ്ധി ജീവികളുള്ള വിദ്യാസമ്പന്നരായ നമ്മള്‍ ഇതെല്ലാമറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോ.

എന്റെ പിതാവ് ഒരു മിലിട്ടറി ഉദ്യോഗസ്ഥനും കൂടിയായിരുന്നു. മിലിട്ടറി സംബന്ധമായ ഏത് ആവശ്യങ്ങള്‍ക്കും ഏത് ക്യാന്റീനില്‍ പോവുകയാണെങ്കിലും പെന്‍ഷന്‍ വാങ്ങാന്‍ പോവുകയാണെങ്കിലും മറ്റെന്തിന് പോവുകയാണെങ്കിലും തന്റെ പേരിന് പകരം ഇംഗ്ലീഷ് അക്ഷരം വെച്ച് തുടങ്ങുന്ന ഒരു നമ്പറായിരുന്ന പറയാറ്. വാര്‍ധക്യ കാലത്ത് രോഗശയ്യയില്‍ കിടക്കുമ്പോഴും അദ്ദേഹത്തോടുള്ള വാല്‍സല്യത്താലും സ്‌നേഹത്താലും അദ്ദേഹമത് പറയുന്നത് കേള്‍ക്കാന്‍ വേണ്ടി ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് ‘വായിച്ചി നിങ്ങളുടെ മിലിട്ടറി നമ്പര്‍ എത്രയായിരുന്നു’ എന്ന് ചോദിക്കുമ്പോള്‍ അബോധാവസ്ഥയിലാണെങ്കിലും ഉറക്കത്തിലാണെങ്കിലും അദ്ദേഹമത് ഓര്‍ത്തെടുത്ത് പറയുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്ത ആശ്ചര്യം തോന്നുമായിരുന്നു. പലപ്പോഴായി ഞാനത് പറയിപ്പിക്കുമായിരുന്നു. എല്ലാം തുടച്ച് മാറ്റപ്പെടുന്ന ഈയൊരു കാലത്ത് ഇതൊക്കെ ഇപ്പോഴും നമ്മുടെ നാട്ടിലെ മിലിട്ടറിയില്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം.

നമ്മെ നിയന്ത്രിക്കുന്ന നമ്മുടെ ഭരണ സിരാകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഈ വിഷയത്തെ ഗൗരവത്തിലെടുക്കണമെന്നും വികസിത രാജ്യങ്ങളിലൊക്കെ എങ്ങനെയാണ് ഇതെല്ലാം നടപ്പിലാക്കുന്നതെന്ന് പഠിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുകയാണ്. അവിടെയെല്ലാം വിദേശിയായിക്കോട്ടെ സ്വദേശിയായിക്കോട്ടെ ആ നാട്ടില്‍ താമസിക്കാനുള്ള ഒരു രേഖയില്‍ ഒരു നമ്പര്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ നാം എത്ര വര്‍ഷം കഴിഞ്ഞ് ആ നാട്ടിലേക്ക് തിരിച്ച് വരികയാണെങ്കിലും ആ നമ്പര്‍ തന്നെയായിരിക്കും നമുക്ക് ലഭിക്കുക. എത്ര സുതാര്യമായ ഒരു സിസ്റ്റമാണത്. ഇത്തരത്തിലുള്ള സത്യസന്ധമായ ഒരു ട്രാക്കിംഗ് സംവിധാനം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ സ്വദേശികളേയും വിദേശികളേയും അഭയാര്‍Lികളേയുമെല്ലാം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

ഇനിയെങ്കിലും നമ്മുടെ രാഷ്ട്രീയ ഉദ്യോഗ തലത്തിലിരിക്കുന്നവര്‍ക്ക് ഒരു പുനര്‍ ചിന്തയുണ്ടാവട്ടെ.. ഒരു രാജ്യം ഒരു നമ്പര്‍ എന്ന സമ്പ്രദായം നടപ്പിലാക്കാന്‍ സാധിക്കട്ടെ.

സിദ്ദീഖ് പുറായില്‍
Share This Article
Leave a Comment
error: Content is protected !!