

കോഴിക്കോട്: പ്രത്യയശാസ്ത്രപരമായി അങ്ങേയറ്റം അപചയത്തിലായ സി പി എം ബിംബവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എം വി രാഘവന്റെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ സി എം പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് നേതാക്കള്‍ സര്‍വാധിപതിക്ക് മുന്‍പില്‍ ഒന്നും പറയാതെ മുട്ടുമടക്കി നില്‍ക്കുകയാണ്. പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ചയില്ലാതായി. സി സിയും പി ബിയുമെല്ലാം ഒരു നേതാവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. സ്ഥാപിത താല്‍പര്യക്കാരുടെ പിടിയിലായ സി പി എം കോര്‍പ്പറേറ്റുകളുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. വര്‍ഗീയ പാര്‍ട്ടികളുമായി ബന്ധപ്പെടരുതെന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ പേരുപറഞ്ഞ് എം വി രാഘവനെ പുറത്താക്കിയവര്‍ വര്‍ഗീയ, തീവ്രവാദ സംഘടനകളുമായി പരസ്യമായി കൈകോര്‍ക്കുകയാണ്.

നയങ്ങളിലെ വ്യതിയാനമാണ് സി പി എമ്മിനെ ദേശീയതലത്തില്‍ നിലംപരിശാക്കിയത്. സംസ്ഥാനത്തെ ഭരണം സുതാര്യമല്ലാതായി മാറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പുനരാലോചനയ്ക്ക് തയ്യാറാകണം.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ധീര പോരാളിയായിരുന്നു എം വി രാഘവന്‍. പ്രത്യയ ശാസ്ത്രത്തോട് അങ്ങേയറ്റം കൂറു പുലര്‍ത്തുകയും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്തതുമാണ് അദ്ദേഹത്തെ സി പി എമ്മിന് അനഭിമതനാക്കിയത്. അദ്ദേഹത്തിന്റെ ജനസമ്മിതി സി പി എം നേതാക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിക്കാന്‍ തുടങ്ങിയ അവര്‍ പിന്നീട് അദ്ദേഹത്തെ പുറത്താക്കാന്‍ തയാറായി. പാര്‍ട്ടിയില്‍ നിന്ന് പുറത്തായി ഒരു മാസത്തിനകം പാര്‍ട്ടിയുണ്ടാക്കാന്‍ കാണിച്ച നെഞ്ചുറപ്പ് അസാമാന്യമാണ്.
മലബാറില്‍ സി പി എമ്മിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് പ്രധാനമാണ്. നക്സല്‍ പ്രസ്ഥാനത്തിലേക്ക് സി പി എം പ്രവര്‍ത്തകര്‍ വഴിതെറ്റാതിരിക്കാനും അദ്ദേഹം ശ്രമിച്ചു.
സഹകരണ മേഖലയെ കുറിച്ച് അദ്ദേഹത്തിന് വലിയ കാഴ്ചപ്പാടുണ്ടായിരുന്നു. കെ കരുണാകരന്‍- രാഘവന്‍ കൂട്ടുകെട്ടാണ് കേരളത്തില്‍ സഹകരണ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സി എം പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചൂരായി ചന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍, ജി നാരായണന്‍കുട്ടി, സി എം പി ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ്, ജോയിന്റ് സെക്രട്ടറി ചാലില്‍ മൊയ്തീന്‍ കോയ സംസാരിച്ചു.

