ജെറുസലേമിലെ ആരാധനകളില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഖത്തര്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ അപലപിച്ചു

Web Desk
2 Min Read

ദോഹ: ഖത്തര്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ ജെറുസലേമിലെ മതപരമായ ആരാധനകളില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ശക്തമായി അപലപിച്ചു. ഈ നടപടികള്‍ തുടര്‍ന്നാല്‍ മതസ്വാതന്ത്ര്യത്തിനും പ്രാദേശിക സ്ഥിരതയ്ക്കും ഭീഷണിയാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

city exchange

ഖത്തറിന് പുറമേ തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍, അധീനതയിലുള്ള ജെറുസലേമില്‍ മുസ്‌ലിംകളും ക്രൈസ്തവരും നടത്തുന്ന ആരാധനയുടെ സ്വാതന്ത്ര്യത്തിന് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ നിരസിച്ചു. ഇതില്‍ മുസ്ലിം വിശ്വാസികളെ അല്‍-അഖ്‌സാ മസ്ജിദിലേക്ക് പ്രവേശിക്കുന്നത് തടയുന്നതും ഉള്‍പ്പെടുന്നു.

ജെറുസലേമിലെ മുസ്ലിം- ക്രൈസ്തവ വിശുദ്ധ സ്ഥലങ്ങളുടെ നിയമപരവും ചരിത്രപരവുമായ നിലപാട് മാറ്റാനുള്ള ഇസ്രയേല്‍ ശ്രമങ്ങളെ അവര്‍ അപലപിക്കുകയും നിരസിക്കുകയും ചെയ്തു.

തുടര്‍ച്ചയായ ഇസ്രയേല്‍ നടപടികള്‍ അന്താരാഷ്ട്ര നിയമത്തിന്റെ, പ്രത്യേകിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ, തുറന്ന ലംഘനമാണ്. നിലവിലുള്ള നിയമപരവും ചരിത്രപരവുമായ നിലപാടിനും ഇത് വിരുദ്ധമാണ്. ആരാധനാ കേന്ദ്രങ്ങളിലേക്കുള്ള നിയന്ത്രണങ്ങളില്ലാത്ത പ്രവേശനാവകാശത്തെ ഇത് ലംഘിക്കുന്നുവെന്നായിരുന്നു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്.

- Advertisement -
Ad image

ജെറുസലേമിലെ മുസ്ലിംകളും ക്രൈസ്തവരും നേരിടുന്ന നിയമവിരുദ്ധവും നിയന്ത്രണപരവുമായ ഇസ്രയേല്‍ നടപടികളെ അവര്‍ പൂര്‍ണമായും നിരസിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസികള്‍ക്ക് അവരുടെ മതചടങ്ങുകള്‍ നടത്തുന്നതിനായി ഹോളി സെപള്‍ക്കര്‍ ദേവാലയത്തിലേക്കുള്ള സ്വതന്ത്ര പ്രവേശനം തടയുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ജെറുസലേമിന്റെയും അതിലെ മുസ്ലിം- ക്രൈസ്തവ വിശുദ്ധ സ്ഥലങ്ങളുടെയും നിയമപരവും ചരിത്രപരവുമായ നിലപാട് മാനിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു. അധീനശക്തിയായ ഇസ്രയേലിന് അധീന ജെറുസലേമില്‍ സാര്‍വഭൗമാധികാരം ഇല്ല എന്നും അവര്‍ ആവര്‍ത്തിച്ചു.

ജെറുസലേമിലെ ആരാധനാലയങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം തടസ്സപ്പെടുത്തുന്ന എല്ലാ നടപടികളും നിര്‍ത്തേണ്ടതുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

പുണ്യമാസമായ റമദാനിനിടയില്‍ ഉള്‍പ്പെടെ 30 തുടര്‍ച്ചയായ ദിവസങ്ങളോളം അല്‍-അഖ്‌സാ മസ്ജിദിന്റെ കവാടങ്ങള്‍ അടച്ചുവെച്ച ഇസ്രയേല്‍ നടപടിയെ അവര്‍ അപലപിച്ചു.

അല്‍-അഖ്‌സാ മസ്ജിദ് പ്രദേശം മുഴുവനും മുസ്ലിംകള്‍ക്ക് മാത്രമായുള്ള ആരാധനാലയമാണെന്നും ജോര്‍ദാനിലെ ഔഖാഫ്- ഇസ്ലാമിക്കാര്യ മന്ത്രാലയവുമായി ബന്ധമുള്ള ജെറുസലേം എന്‍ഡൗമെന്റ്‌സ് ആന്‍ഡ് അല്‍- അഖ്‌സാ മസ്ജിദ്കാര്യ വിഭാഗമാണ് അതിന്റെ ഭരണ ചുമതലയുള്ള നിയമപരമായ ഏകസ്ഥാപനമെന്നും അവര്‍ വ്യക്തമാക്കി.

അധീനശക്തിയായ ഇസ്രയേല്‍ ഉടന്‍ തന്നെ അല്‍-അഖ്‌സാ മസ്ജിദ്/ അല്‍-ഹറം അല്‍-ഷരീഫ് കവാടങ്ങള്‍ അടച്ചിടുന്നത് നിര്‍ത്തുകയും ജെറുസലേമിലെ പഴയ നഗരത്തിലെ പ്രവേശന നിയന്ത്രണങ്ങള്‍ നീക്കുകയും ഇസ്‌ലാംമത വിശ്വാസികള്‍ക്ക് മസ്ജിദിലേക്ക് പ്രവേശനം തടസ്സപ്പെടുത്താതിരിക്കുകയും വേണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ജെറുസലേമിലെ ഇസ്ലാമിക- ക്രൈസ്തവ വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള ഇസ്രയേല്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!