

കൊച്ചി: മട്ടാഞ്ചേരി ജ്യൂ ടൗണ്‍ റോഡിലെ ഇസ്മയില്‍ വെയര്‍ഹൗസില്‍ നടക്കുന്ന സീഡ് എ പി ജെ അബ്ദുല്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈനിലെ 200-ലേറെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികളുടെ വാസ്തുശില്‍പ്പകലാസൃഷ്ടികളുടെ പ്രദര്‍ശനം ആര്‍ക്കിടെക്റ്റുമാര്‍, വിദ്യാര്‍ഥികള്‍, കലാപ്രേമികള്‍, ബില്‍ഡര്‍മാര്‍ എന്നിവരെ ഒരുപോലെ ആകര്‍ഷിക്കുമ്പോള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സൃഷ്ടിച്ച ബാംബൂ പവലിയനും വലിയ ചുവര്‍ച്ചിത്രവും ആസ്വാദകരുടെ സവിശേഷ ശ്രദ്ധ ക്ഷണിക്കുന്നു.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തിനു മുന്നോടിയായി ആറു ദിവസത്തെ ശില്‍പ്പശാലയിലൂടെയാണ് 500 ചതുരശ്ര അടി വലിപ്പമുള്ള വമ്പന്‍ മുളവാസ്തുശില്‍പ്പം നിര്‍മിച്ചത്. പരിസ്ഥിതിസൗഹാര്‍ദവും നിലനില്‍ക്കത്തക്കതുമായ ബില്‍ഡിംഗ് മെറ്റീരിയല്‍ എന്ന നിലയില്‍ കേരളത്തില്‍ വന്‍സാധ്യതകളാണ് മുളയ്ക്കുള്ളതെന്ന് സ്‌കൂളിലെ അക്കാദമിക് ചെയര്‍ രാജശേഖരന്‍ സി മേനോന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് മുളശില്‍പ്പം ഒരുക്കിയിരിക്കുന്നത്. പ്രാകൃതരീതിയില്‍ കയറട്ട് ബന്ധിപ്പിക്കുന്നതിനു പകരം സ്റ്റീല്‍ കേബ്‌ളുകള്‍ ഉപയോഗിച്ചാണ് ഇവ തമ്മില്‍ ഘടിപ്പിച്ചിരിക്കുന്നത്. കാന്‍ഡിലിയറായി ഉറപ്പിച്ചിരിക്കുന്നതിനാല്‍ അഗ്രഭാഗത്ത് തൂണുകളുമില്ല. ഇതൊരു കലാസൃഷ്ടി മാത്രമല്ലെന്നും മുളയുടെ ഉപയോഗ്യ സാധ്യതകളാണ് ശില്‍പ്പത്തിലൂടെ ആവിഷ്‌കരിക്കുന്നതെന്നും രാജശേഖരന്‍ സി മേനോന്‍ പറഞ്ഞു. അഹമ്മദാബാദിലെ തംബ് ഇംപ്രഷന്‍സ് കൊളാബൊറേറ്റീവാണ് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കിയത്. സുസ്ഥിര ബില്‍ഡിംഗ് മെറ്റീരിയലുകളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായമയില്‍ നിന്ന് ആര്‍ക്കിടെക്റ്റുമാരായ സങ്കല്‍പ്പ, അഹമ്മദാബാദ്, മനു നരേന്ദ്രന്‍, ഹൈദ്രാബാദ്, മിലിന്ദ്, സൂറത്ത് എ്ന്നിവരാണ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പച്ചത്.

അതേസമയം ജെന്‍ഡര്‍ പാരിറ്റിയുടേയും (ലിംഗതുല്യത) നാനാത്വത്തിന്റേയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കാഞ്ചന, വര്‍ഷ, നന്ദിന, പൂര്‍ണിമ എന്നീ ട്രാന്‍സ്ജെന്‍ഡര്‍ കലാകാരന്മാരുടെ നേതൃത്വത്തില്‍ പരീശിലനം കിട്ടിയ ഇരുപതോളം വിദ്യാര്‍ഥികളാണ് 750 ചതുരശ്ര അടി വിസ്തൃതിയുള്ള ചുവര്‍ച്ചിത്രം വരച്ചത്. ബെംഗളൂരു ആസ്ഥാനമായി ട്രാന്‍സ്ജെന്‍ഡര്‍ കലാകാരന്മാര്‍ക്കായി പ്രവര്‍ത്തിക്കുന് അരവാണി ആര്‍ട്ട് പ്രൊജക്ടിന്റെ ഭാഗമാണ് ഈ ട്രാന്‍സ്ജെന്‍ഡര്‍ കലാകാരന്മാര്‍. വര്‍ണവൈവിധ്യം എടുത്തുകാണിക്കുന്ന ഈ ചുവര്‍ച്ചിത്രം ഒറ്റനോട്ടത്തില്‍ത്തന്നെ നാനാത്വത്തിന്റെ വിളംബരമാണെന്ന് ബോധ്യമാകും.
ഇവയ്‌ക്കൊപ്പം ഇരുന്നൂറോളം വാസ്തുശില്‍പ്പകലാസൃഷ്ടികളും പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനം ഏപ്രില്‍ 12ന് സമാപിക്കും. പ്രദര്‍ശന സമയം രാവിലെ 10 മുതല്‍ 7 വരെ.

