
കോഴിക്കോട്:കോവിഡിന്റെ മറവില്‍ ജനദ്രോഹ നടപടികള്‍
തുടരുന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് നില്‍പ്പ് സമരം സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. ജൂലൈ 15ന് വ്യാഴാഴ്ച ശാഖാതലങ്ങളിലാണ് സമരം നടത്തുക. ജുമുഅക്ക് അനുമതി നല്‍കുക, ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, ഇന്ധന വില വര്‍ദ്ധനവ് നിയന്ത്രിക്കുക, വാക്സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ സമരത്തില്‍ ഉന്നയിക്കും.
സംസ്ഥാനത്ത് കോവിഡിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയതായി വിദഗ്ദ സമിതി തന്നെ തുറന്നു പറച്ചില്‍ നടത്തിയ സാഹചര്യമാണുള്ളത്. ആള്‍ക്കൂട്ടം തടിച്ചുകൂടുന്ന മദ്യഷാപ്പുകള്‍ക്കടക്കം നിയന്ത്രണങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സച്ചാര്‍ കമ്മറ്റി ശുപാര്‍ശയെ തുടര്‍ന്ന് മുസ്ലിംങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി തുടങ്ങിയ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ഒരു നിലക്കും നീതീകരിക്കാവുന്നതല്ല. എത്രയും പെട്ടെന്ന് കോച്ചിംഗ് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം നേതാക്കള്‍ തുടര്‍ന്നു.
വ്യാപാര സ്ഥാപനങ്ങള്‍ നിശ്ചിത ദിവസങ്ങളില്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിലൂടെ ആളുകള്‍ ഒഴുകിയെത്തുന്ന അവസ്ഥയാണുള്ളത്. എല്ലാ ദിവസവും കടകള്‍ തുറക്കുന്നതിലൂടെ ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ മാത്രം ഇന്ധനവില കുറഞ്ഞിട്ടില്ല. പെട്രോള്‍ ഉത്പന്നത്തിന്റെ അടിസ്ഥാന വില 50 രൂപക്ക് താഴെയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിഭാരം താങ്ങാനാവത്തതാണ്. അധിക നികുതി കുറക്കാന്‍ സര്‍ക്കാരുകള്‍ തയാറായാല്‍ ഇന്ധന വിലയില്‍ മാത്രമല്ല ഭക്ഷ്യ ഉത്പന്നങ്ങളുടെതടക്കം പല രംഗത്തും വിലയില്‍ മാറ്റമുണ്ടാകും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

