

കൊച്ചി: ഉത്തരേന്ത്യയില്‍ നിന്ന് വന്‍ തോതില്‍ മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യകണ്ണികളായ ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയില്‍. അസം നൗഗോണ്‍, അബാഗന്‍ സ്വദേശി ബഹറുള്‍ ഇസ്ലാം (കബൂത്തര്‍ സേട്ട്- 24) വെസ്റ്റ് ബംഗാള്‍, നോവപാറ മാധവ്പൂര്‍ സ്വദേശിനി ടാനിയ പര്‍വീന്‍ (18) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.

ഇവരുടെ പക്കല്‍ നിന്ന് ‘ഓറഞ്ച് ലൈന്‍’ വിഭാഗത്തില്‍പ്പെടുന്ന അത്യന്തം വിനാശകാരിയായ 33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. മയക്ക് മരുന്ന് ഇടപാട് നടത്തുവാന്‍ ഉപയോഗിച്ച രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, മയക്കുമരുന്ന് വില്‍പ്പന ചെയ്ത് കിട്ടിയ 19500 രൂപ, മയക്ക് മരുന്ന് തൂക്കിനോക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റല്‍ സ്‌കെയില്‍ എന്നിവയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. മയക്കുമരുന്ന് പിടികൂടുമ്പോള്‍ ഇവര്‍ക്ക് ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് 100 മില്ലിഗ്രാം വീതം ഹെറോയില്‍ 200 ചെറിയ കുപ്പികളിലാക്കി വില്‍പ്പനക്കായി തയ്യാറാക്കി വച്ച നിലയില്‍ ആയിരുന്നു.
കൂടാതെ 6.5 ഗ്രാം വീതം ഹെറോയില്‍ അടങ്ങിയ രണ്ട് പ്ലാസ്റ്റിക്ക് ബോക്‌സുകളും മയക്ക് മരുന്ന് നിറക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന 550 ചെറിയ കാലി കുപ്പികളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. 100 മില്ലി ഗ്രാം വരുന്ന ഒരു കുപ്പി ഹെറോയിന്‍ 3000 രൂപക്കാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്.

പിടിച്ചെടുത്ത ഹെറോയിന് വിപണിയില്‍ 10 ലക്ഷം രൂപ മതിപ്പ് വില വരും. കൊച്ചിയില്‍ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ ആവശ്യ പ്രകാരമാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഈ ഇനത്തില്‍പ്പെടുന്ന മയക്കുമരുന്ന് 5 ഗ്രാം വരെ കൈവശം സൂക്ഷിക്കുന്നത് 10 വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്.
ഉപഭോക്താക്കളുടെ ഇടയില്‍ ‘ബംഗാളി ബീവി’ എന്നറിയപ്പെടുന്ന ടാനിയ പര്‍വ്വീന്‍ ഹെറോയിന്‍ അടങ്ങിയ പ്ലാസ്റ്റിക് ബോക്‌സുകള്‍ ശരീരത്തില്‍ സെലോടേപ്പ് ഉപയോഗിച്ച് കെട്ടിവച്ചാണ് ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്തിയിരുന്നത്. ഇരുവരും ചേര്‍ന്ന് ഇവിടെ എത്തിക്കുന്ന മയക്കുമരുന്ന് ചെറിയ കുപ്പികളില്‍ നിറക്കുന്നത് കബൂത്തര്‍ സേട്ട് എന്ന ബഹറുള്‍ ഇസ്ലാം ആണ്. ഇങ്ങനെ കുപ്പികളില്‍ നിറച്ച മയക്കുമരുന്ന് ഓര്‍ഡര്‍ അനുസരിച്ച് ഇടനിലക്കാരുടെ പക്കലേക്ക് എത്തിക്കുന്നത് ടാനിയ പര്‍വീന്‍ ആണ്.
രണ്ട് മാസം മുന്‍പ് മയക്കുമരുന്നുമായി പിടിയിലായ ആളില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം ഇവര്‍ ഇരുവരും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്യത്തിലുള്ള പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഓര്‍ഡര്‍ അനുസരിച്ച് മയക്കുമരുന്ന് എത്തിച്ച ശേഷം അത് ആവശ്യക്കാര്‍ക്ക് കൈമാറി ഒരാഴ്ചക്കകം ഉത്തരേന്ത്യയിലേക്ക് തിരിച്ച് പോകുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രാവശ്യം വരുമ്പോഴും ഇടനിലക്കാര്‍ വഴി ഇവര്‍ വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ഇവരുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇവര്‍ ഏലൂര്‍ പാതാളത്തിനടുത്ത് മുപ്പത്തടം എന്ന സ്ഥലത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ എക്‌സൈസ് സംഘം ഇവരുടെ താമസസ്ഥലം വളഞ്ഞ് ഇവരെ പിടി കൂടുകയായിരുന്നു.
ബഹറുള്‍ ഇസ്ലാം ഉദ്യോഗസ്ഥരെ വെട്ടിച്ച് വീടിന്റെ പിന്‍വാതില്‍ വഴി കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. പിടിയിലായ സമയം മാരക ലഹരിയിലായിരുന്ന ടാനിയ പര്‍വീന്‍ അലറി വിളിച്ചത് കണ്ടുനിന്ന നാട്ടുകാരില്‍ ഭീതി പടര്‍ത്തി. അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അസ്സാമിലെ കരീംഗഞ്ചില്‍ നിന്നാണ് ഇവര്‍ വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ‘ഓറഞ്ച് ലൈന്‍’ വിഭാഗത്തില്‍പ്പെടുന്ന ഇത്തരം മയക്കുമരുന്ന് വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാലും ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനില്‍ക്കും. ഇതിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ തടസ്സപ്പെടാനും മരണം വരെ സംഭവിക്കാനും ഇടയാകുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇവരുടെ ഇടപാട്കാരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ അറിയിച്ചു.
എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി പി ജിനേഷ് കുമാര്‍, ടി ടി ശ്രീകുമാര്‍, സജോ വര്‍ഗ്ഗീസ്, വനിതാ സി ഇ ഒ സരിതാ റാണി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇരുവരേയും റിമാന്റ് ചെയ്തു.

