

എടവണ്ണ: കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീറ്റ് അടക്കമുള്ള ഉന്നത പരീക്ഷകളിലെ ക്രമക്കേട് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ നിശ്ചയിക്കപ്പെട്ട വിദഗ്ദ സമിതി മുഖം രക്ഷിക്കാനുള്ള നടപടിക്രമമായി കൂടെന്നും കാര്യക്ഷമവും ക്രിയാത്മകവുമായിരിക്കണമെന്നും എടവണ്ണ ജാമിഅ: നദ്വിയ്യ:യില്‍ നടന്ന ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലെ ഫലം കേവലം ഒരു താര വിജയമായി പരിമിതപ്പെടുത്തുന്ന വിലയിരുത്തലുകള്‍ ശരിയല്ല. കേരളത്തില്‍ രൂപപ്പെട്ട് വരുന്ന വര്‍ഗീയ ധ്രുവീകരണത്തെ മതേതര സമൂഹം ഗൗരവമായി അഭിസംബോധന ചെയ്യണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. തെളിവുകളില്ലാതെ മുസ്ലിം സമുദായം അനര്‍ഹമായി പലതും നേടിയെടുത്തുവെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സൗഹൃദ കേരളത്തിന് പരിക്കേല്‍പ്പിക്കുന്നതാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം.

ബലിപെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വിദ്യാര്‍ഥികള്‍ക്ക് രണ്ട് ദിവസം പോലും അവധി നല്‍കാതെ സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്ന വിഷയത്തില്‍ രക്ഷിതാക്കളുടെയും അധ്യാപക സംഘടനകളുടെയും സമൂഹത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി കാണണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍ അധ്യക്ഷത വഹിച്ചു.
കെ എന്‍ എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷാ, ഐ എസ് എം ജനറല്‍ സെക്രട്ടറി ശുക്കൂര്‍ സ്വലാഹി, ഭാരവാഹികളായ കെ എം എ അസീസ്, ബരീര്‍ അസ്ലം, ഡോ. ജംഷീര്‍ ഫാറൂഖി, നാസര്‍ മുണ്ടക്കയം, റഹ്മത്തുല്ല സ്വലാഹി പുത്തൂര്‍, ആദില്‍ അത്വീഫ് സ്വലാഹി, ശാഹിദ് മുസ്ലിം ഫാറൂഖി, ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര, യാസര്‍ അറഫാത്ത്, ശിഹാബ് തൊടുപുഴ, ശംസീര്‍ കൈതേരി തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
ജൂലൈ 7ന് നടക്കുന്ന പ്രൊഫെക്സല്- പ്രൊഫഷണല്‍സ് കോണ്‍ഫറന്‍സ്, ദഅ്വാ കാമ്പയ്ന്, ഐ എസ് എം മുഖപത്രമായ വിചിന്തനം വാരിക പ്രചാരണ കാമ്പയ്ന്, വെളിച്ചം ജില്ലാ സംഗമം, സ്വാതന്ത്യ ദിന പരിപാടികള്‍ എന്നിവക്ക് കൗണ്‍സില്‍ അന്തിമ രൂപം നല്കി.

