റേവ് പാര്‍ട്ടികള്‍ക്ക് ‘സ്‌നോബോള്‍’; മോഡലിംഗ് ആര്‍ട്ടിസ്റ്റായ വനിത എം ഡി എം എയുമായി പിടിയില്‍

Web Desk
2 Min Read

കൊച്ചി: സ്വകാര്യ റിസോട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് വേണ്ടി മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യകണ്ണി എക്‌സൈസിന്റെ പിടിയില്‍. മോഡലിംഗ് ആര്‍ട്ടിസ്റ്റായ ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി നടുവിലപറമ്പില്‍ വീട്ടില്‍ റോസ് ഹെമ്മ (ഷെറിന്‍ ചാരു-29)യാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 1.90 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

city exchange

ഉപഭോക്താക്കള്‍ക്കിടയില്‍ ‘സ്‌നോബോള്‍’ എന്ന കോഡിലാണ് ഇവര്‍ മയക്ക്മരുന്ന് കൈമാറിയിരുന്നത്. രാത്രി കാലങ്ങളില്‍ മാത്രം മയക്ക് മരുന്നമായി പുറത്തിറങ്ങുന്ന ഇവര്‍ ഉപഭോക്താക്കളുടെ തന്നെ വാഹനങ്ങളില്‍ ലിഫ്റ്റ് അടിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മയക്ക് മരുന്ന് കൈമാറ്റം ചെയ്ത് വരികയായിരുന്നു.

റിസോര്‍ട്ടുകളും മറ്റും കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികളില്‍ മയക്ക് മരുന്ന് എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നത് ഹെമ്മയായിരുന്നു. റേവ് പാര്‍ട്ടികളിലെ രാസലഹരിയുടെ വിതരണം പൂര്‍ണ്ണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു. ഇവര്‍ മുഖാന്തിരം മാത്രമേ നിശാ പാര്‍ട്ടികളില്‍ രാസലഹരി എത്തിയിരുന്നുള്ളു.

- Advertisement -
Ad image

പിടിയിലായ നിരവധി യുവതി യുവാക്കള്‍, ആഡംബര വാഹനങ്ങളില്‍ വന്നിറങ്ങുന്ന ഇവരെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ലായിരുന്നു. കൊച്ചിയിലെ ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഇവരെ ഭയമുള്ളതിനാല്‍ പിടിക്കപ്പെടുന്നവര്‍ പലരും ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറുമല്ലായിരുന്നു. പകല്‍ സമയം മുഴുവന്‍ മുറിയില്‍ കഴിഞ്ഞ ശേഷം രാത്രിയോടെ മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നതായിരുന്നു വില്‍പ്പനയുടെ രീതി. ഓണ്‍ലൈനായി വ്യത്യസ്ത ആളുകളുടെ പേരില്‍ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസം മാത്രം താമസിച്ച ശേഷം ഇവര്‍ അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറും. ഇവരുടെ പ്രധാന ഇടനിലക്കാരനായ ഒരു യുവാവ് എക്‌സൈസ് സ്‌പെഷ്യന്‍ അക്ഷന്‍ ടീമിന്റെ പിടിയിലായതോടെയാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് ലഭിച്ചത്.

കൊച്ചി കേന്ദ്രീകരിച്ച് അര്‍ധ രാത്രി നടക്കുന്ന ഒരു നിശാപാര്‍ട്ടിക്ക് മയക്ക് മരുന്ന് എത്തിക്കുന്നതിന് ഇവര്‍ വൈറ്റില- ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്ത് നില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ അര്‍ധരാത്രിയോട് കൂടി എക്‌സൈസ് സംഘം ഇവരെ കണ്ടെത്തുകയായിരുന്നു. പിടിയിലാകുമെന്ന് മനസ്സിലായ ഇവര്‍ അതുവഴി വന്ന വാഹനം കൈകാണിച്ച് നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. ഇവര്‍ പിടിയിലായതോടെ നഗരത്തിലെ മയക്കുമരുന്ന് ഇടപാടു നടത്തുന്ന നിരവധി പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ പ്രവര്‍ത്തിച്ച് വരുന്ന മോഡലിംഗ് രംഗത്തും മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉണ്ടാകും.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സജീവ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ ടി എന്‍ അജയ കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി ഇ ഒ എന്‍ ഡി ടോമി, സി ഇ ഒ ഹര്‍ഷകുമാര്‍, എന്‍ യു അനസ്, എസ് നിഷ, പി അനിമോള്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് റിമാന്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!