പ്ലസ് വണ്‍ അധിക ബാച്ച് വേണ്ടെന്ന ഉത്തരവ് പിന്‍വലിക്കണം: പി കെ ജലീല്‍

Web Desk
2 Min Read

കാക്കനാട്: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും ബാച്ചുകളും വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും പതിനായിരങ്ങളുടെ പഠനം വഴിമുട്ടുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി കെ ജലീല്‍ പറഞ്ഞു. കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഡി ഡി ഇ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange


മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പറക്കാനും മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടാനും കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാറാണ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് വിദ്യാര്‍ഥികളുടെ ഉപരി പഠനം നിഷേധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലോളി കമ്മീഷന്‍ നിര്‍ദ്ദേശിച്ച അറബിക് യൂണിവേഴ്‌സിറ്റിയും സംവരണവും അട്ടിമറിക്കരുതെന്നും പി എസ് സിയെ നോക്കുകുത്തിയാക്കി പുറംവാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗാര്‍ഥികളുടെ സാധ്യതകള്‍ ഇല്ലാതാക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ജില്ലാ വൈസ് പ്രസിഡന്റ് കബീര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി.

- Advertisement -
Ad image


ജില്ലാ സെക്രട്ടറി സി എസ് സിദ്ദീഖ്, എന്‍ എ സലിം ഫാറൂഖി, ഹുസൈന്‍ ആലുവ, അലി പുല്ലേപ്പടി, അഫ്‌സല്‍ കൊച്ചി, മുജീബ് കെ എ, അമ്മാര്‍ പെരുമ്പാവൂര്‍, സാദിഖ് കല്ലൂര്‍ക്കാട്, ഷിഹാബുദ്ദീന്‍, ത്വാഹ പൊന്നാരിമംഗലം എന്നിവര്‍ പ്രസംഗിച്ചു.


ഹയര്‍ സെക്കണ്ടറിയില്‍ അറബി, ഉര്‍ദു, സംസ്‌കൃത ഭാഷ പഠനത്തിന് 10 കുട്ടികള്‍ എന്ന എണ്ണത്തില്‍ നിന്നും അറബികിന് മാത്രം 25 എന്ന എണ്ണമായി വര്‍ധിപ്പിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക, ഡി എല്‍ എഡ് അറബിക്ക് സെന്ററുകള്‍ വര്‍ധിപ്പിക്കുകയും പുതിയ തസ്തികകള്‍ അനുവദിക്കുകയും ചെയ്യുക, സര്‍വ്വീസിലുള്ള അധ്യാപകരെ കെ-ടെറ്റില്‍ നിന്നും ഒഴിവാക്കുക, എന്‍ ഇ പി അറബി ഭാഷാ പഠനം ഉറപ്പാക്കുക, മുഴുവന്‍ ജീവനക്കാരേയും സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, എയ്ഡഡ് പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും പി എഫ് അനുവദിക്കുക, അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക, ഡയറ്റുകളിലെ അറബി ഉള്‍പ്പെടെയുള്ള ഫാക്കല്‍റ്റികളുടെ ഒഴിവുകള്‍ നികത്തുക,
മലബാറിലെ പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാന്‍ ഉടന്‍ പുതിയ ബാച്ചുകളും തസ്തിതകളും അനുവദിക്കുക, അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മെഡി ക്ലയും സുരക്ഷ ഉറപ്പാക്കുക, ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കമ്മിറ്റി (ക്യൂ ഐ പി)യില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനേയും ഉള്‍പ്പെടുത്തുക, ഭാഷാധ്യാപകര്‍ക്ക് എച്ച് എം പ്രമോഷന്‍ അനുവദിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!