നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ്: പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്‍കാസ് ഖത്തര്‍ നിവേദനം നല്‍കി

Web Desk
1 Min Read

ദോഹ: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനായി പ്രീമിയം തുക ഗണ്യമായി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി നോര്‍ക്ക അധികൃതര്‍ക്ക് നിവേദനം നല്‍കി.

city exchange

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിലും വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാനും നോര്‍ക്ക ഓഫീസിലെത്തി ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫിനെ നേരില്‍ കണ്ട് നിവേദനം കൈമാറി. പ്രീമിയം വര്‍ധനവ് മൂലം സാധാരണക്കാരായ പ്രവാസികള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും നിലവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടപ്പെടുമോ എന്ന ആശങ്കയും നേതാക്കള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

പ്രീമിയം തുകയേക്കാള്‍ ഉയര്‍ന്ന തോതില്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഉണ്ടായതും ദീര്‍ഘകാല കരാറുകളുടെ അഭാവവും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പദ്ധതി തുടരുന്നതില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചതായും ഇതിന്റെ ഭാഗമായി പുതിയ ഇന്‍ഷുറന്‍സ് കവറേജ് നല്‍കാന്‍ കമ്പനികള്‍ വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേലുള്ള ജി എസ് ടി ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും നിവേദനത്തില്‍ ഉന്നയിച്ച പ്രവാസികളുടെ ആശങ്കകള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രകാശ് പി ജോസഫ് ഉറപ്പുനല്‍കി.

- Advertisement -
Ad image

കഴിഞ്ഞ ഗവണ്‍മെന്റിന്റെ അവസാന സമയത്ത് യാതൊരുവിധ ഹോംവര്‍ക്കുകളും ചെയ്യാതെയും ഇന്‍ഷുറന്‍സ് കമ്പനികളുമായി ദീര്‍ഘകാല കരാര്‍ ഇല്ലാതെയും ധൃതിപ്പെട്ട് പദ്ധതി നടപ്പിലാക്കിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഇന്‍കാസ് നേതാക്കള്‍ പറഞ്ഞു. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചുകൊണ്ട്, തികച്ചും രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ചു കൊണ്ട് ചിലര്‍ 6 മാസം മാത്രം പ്രായമായ നിലവിലെ സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രവാസികളുടെ പൊതുവായ താത്പര്യങ്ങള്‍ക്ക് സഹായകരമാവില്ലെന്നും അവര്‍ പറഞ്ഞു.

പ്രവാസികളുടെ ആരോഗ്യസുരക്ഷയും സാമ്പത്തിക താത്പര്യങ്ങളും സംരക്ഷിക്കുന്നതിന് ഇന്‍കാസ് ഖത്തര്‍ രാഷ്ട്രീയഭേദമന്യേ മുന്നിലുണ്ടാകുമെന്നും അതിനായി സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇന്‍കാസ് നേതാക്കള്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!