
ആലുവ: ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കള്ളക്കേസെടുത്ത് അന്യായമായി ജയിലടച്ച ബി ജെ പി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നടപടികളും ഭരണകൂടഭീകരതയും അവസാനിപ്പിച്ച് എത്രയും വേഗം ജയില്‍ മോചിതരാക്കണമെന്ന് ആവശ്യപെട്ടും ജയില്‍വാസമനുഭവിക്കുന്ന സന്ന്യസ്ഥസഹോദരിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചും അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ എം ജി ടൗണ്‍ ഹാളിനു സമീപമുള്ള ഗാന്ധി സ്‌ക്വയറില്‍ ഉപവാസം അനുഷ്ടിച്ചു. ഉപവാസ സമരത്തിന്റെ ഉദ്ഘാടനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ നിര്‍വ്വഹിച്ചു.

നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കും അതോടൊപ്പം ആതുര ശ്രുശ്രൂഷയുടെ മേഖലയിലും അമൂല്യ സംഭാവനകളാണ് ക്രൈസ്തവസഭകള്‍ നല്‍കിയിരിക്കുന്നത്. ക്രിസ്തുദേവന്റെ മാര്‍ഗ്ഗം പിന്‍പറ്റി ആതുര സേവന രംഗത്ത് ത്യാഗപൂര്‍ണ്ണമായ സേവനം അനുഷ്ഠിക്കുന്ന രണ്ട് കന്യാസ്ത്രീകളെയാണ് അന്യായമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ തടവില്‍ വച്ചിരിക്കുന്നത്. ഇവരുടെ മോചനത്തിനായുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും ആലുവ അദ്വൈതാശ്രമത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുന്നതാണ്. നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും തന്റെ കഴിവിനൊത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ജനകീയ എം എല്‍ എയാണ് അന്‍വര്‍ സാദത്ത്. തടവിലാക്കപ്പെട്ട രണ്ട് കന്യാസ്ത്രീകളുടെ മോചനത്തിനായുള്ള സമരത്തിന്റെ ഭാഗമായി ഉപവാസം അനുഷ്ഠിക്കുന്ന അന്‍വര്‍ സാദത്തിന്റെ ഉപവാസത്തോട് ഐക്യപ്പെടുന്നു എന്ന് ധര്‍മ്മ ചൈതന്യ സ്വാമി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ഉപവാസമരത്തിന് ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം അന്‍വര്‍ ഹുദവി, ഫെത്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ഫാ. സ്റ്റാന്‍ലി പുല്‍പ്പറയില്‍, ലിറ്റില്‍ഫളവര്‍ സെമിനാരി ഫാ. ഫ്രാല്‍സിസ് ചിറ്റിലപ്പിള്ളി, ഫാ. ജോസ് ചോലിക്കര, ഫാ. എന്‍ എഫ് ജയ്‌സണ്‍, സി പ്രഭാഗ്രയ്‌സ് സി എം സി, അനീഷ എസ് ഡി, തൃക്കുന്നത്ത് സെമിനാരി മാനേജര്‍ ഫാ. റിജോ മാത്യു, വികാരി ബിനോയ് വര്‍ഗ്ഗീസ്, ഫാ. സെബാസ്റ്റ്യന്‍ വടകുമ്പാടന്‍, ഫാ. ജോയ് കണ്ണമ്പുഴ, ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ടി ജെ വിനോദ് എം എല്‍ എ, എല്‍ദോസ് കുന്നപിള്ളി എം എല്‍ എ, ഉമ തോമസ് എം എല്‍ എ, മുന്‍ എം പി രമ്യ ഹരിദാസ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, ജോസഫ് വഴക്കന്‍, ടോണി ചെമ്മണി, ദീപ്തി മേരി വര്‍ഗീസ്, എം ആര്‍ അഭിലാഷ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ്, യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി കോടിയാട്ട്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, അഡ്വ. പി ബി സുനീര്‍, എം ജെ ജോമി, ടി എം സക്കീർ ഹുസൈൻ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ കെ എന്‍ കൃഷ്ണ കുമാര്‍, മുജീബ് പി എ, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫ് വാഴക്കന്‍, പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകീട്ട് അഞ്ച് മണിക്ക് തോമസ് ചക്യേത്ത് പിതാവ് അന്‍വര്‍ സാദത്ത് എം എല്‍ എക്ക് നാരങ്ങ നീര് നല്‍കി ഉപവാസസമരം അവസാനിപ്പിച്ചു. സമാപന സമ്മേളനത്തില്‍ പോളികോര്‍പ്പസ് തിരുമേനി മുഖ്യാതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഈ ഉപവാസസമരം വിജയകരമാക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ അതിക്രൂരമായ അക്രമങ്ങളാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തു സം ഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഭരണഘടന നല്‍കുന്ന യാതൊരു പരിരക്ഷയും ഇന്ന് രാജ്യം ഭരിക്കുന്നവര്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്നില്ല എന്നും ചടങ്ങില്‍ സംബന്ധിച്ച സംസാരിച്ച പ്രമുഖരായവരെല്ലാം ചൂണ്ടിക്കാട്ടി. സംഘപരിവാര്‍ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമല്ല മറിച്ച് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ബി ആര്‍ അംബേദ്ക്കര്‍ എന്നിവര്‍ മുന്നോട്ടു വച്ച സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ഇന്ന് രാജ്യത്തിന് ഏറ്റവും അഭിലഷണീയം എന്നും അവര്‍ അഭിപ്രായപ്പെട്ടു.

