

പയ്യന്നൂർ: പയ്യന്നൂർ മണ്ഡലം മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ (എം എസ് എഫ്) മുൻസിപ്പൽ ലീഗ് ഓഫീസിൽ പഴയകാല നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച “തലമുറ സംഗമം” നവ്യാനുഭവമായി. അര നൂറ്റാണ്ട് കാലം മുൻപ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയവരും പുതു തലമുറയും ഒരേ വേദിയിൽ സംഗമിച്ച് അനുഭവങ്ങൾ പങ്കിട്ടു.

സംഘടനയുടെ ഇന്നു കാണുന്ന വളർച്ചയ്ക്ക് അടിത്തറ പാകിയവരെ സ്മരിക്കുന്നതോടൊപ്പം അവരുടെ കാൽപാടുകൾ പിന്തുടരാനും അധാർമ്മികതയ്ക്കും മൂല്യശോഷണത്തിനുമെതിരെ പോരാടാനുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ടാണ് പിരിഞ്ഞത്.

മണ്ഡലം പ്രസിഡണ്ട് അൻവർ ഷക്കീറിന്റെ അധ്യക്ഷതയിൽ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ ശാക്തീകരണ ക്യാംപയിന്റെ ഭാഗമായി ഇസ്സത്ത് ലോഗോ പ്രകാശനം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഷ്റഫ് നിർവ്വഹിച്ചു.
എം എസ് എഫ് അലുംനി വാട്ട്സ് ആപ്പ് ഗ്രൂപ്പ് സംഭാവന ചെയ്ത സൗണ്ട് സിസ്റ്റം കൈമാറി. ഇഖ്ബാൽ കോയിപ്ര, ഹാരിസ് കവ്വായി, കക്കുളത്ത് അബ്ദുൽ ഖാദർ, എസ് കെ നൗഷാദ്, മുസ്തഫ കടന്നപ്പള്ളി, പി പി മുഹമ്മദലി ഹാജി രാമന്തളി, കൊട്ടില മുഹമ്മദ് കുഞ്ഞി, കാട്ടൂർ ഹംസ, വി പി മുഹമ്മദലി, വി വി മജീദ്, അയ്യൂബ് വട്ട്യേര, എം കെ പി മുസ്തഫ, ഫായിസ് കവ്വായി, നൗഫൽ മാസ്റ്റർ, സമദ് ഏറന്തല, പി കെ അബ്ദുൽ ഖാദർ മൗലവി, റുഖ് നുദ്ദീൻ കവ്വായി, മുഫീദ് ഖാലിദ്, മുഹമ്മദ് സലീം ഹുദവി, ജുനൈസ് കോയിപ്ര, നജ്മുദ്ദീൻ കവ്വായി, സ്വാലിഹ് വെള്ളൂർ, സമദ് തട്ടുമ്മൽ, ഹാഷിം സീയാലി തുടങ്ങിയവർ സംസാരിച്ചു.
സക്കീർ താറ്റ്യേരി സ്വാഗതവും ഷമ്മാസ് ദാവൂദ് നന്ദിയും പറഞ്ഞു.

