

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും ഇത് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന പോലീസ് അമ്പേ പരാജയപ്പെടുന്നുവെന്നുമുള്ളതിന്റെ ഉദാഹരണമാണ് പാലാ സെന്റ് തോമസ് കോളെജ് വിദ്യാര്‍ഥിനിയുടെ കഴുത്തറക്കപ്പെട്ട നിലയിലുള്ള കൊലപാതകമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടനും ജനറല്‍ സെക്രട്ടറി ജേക്കബ് മാത്യുവും ചൂണ്ടിക്കാണിച്ചു.

മയക്കുമരുന്നിന് അടിപ്പെട്ട് വിഭ്രാന്തി പൂണ്ടുണ്ടാകുന്ന ഇത്തരം കൊലപാതകങ്ങളും അക്രമണങ്ങളും സംസ്ഥാനത്ത് വ്യാപകമായുണ്ടാകുന്നത് ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. പെണ്‍കുട്ടികളെ ധൈര്യമായി ഒറ്റയ്ക്ക് പുറത്തു വിടാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുന്നത് നേരിടുന്നതിന് പോലീസ് കുറേക്കൂടി ജാഗരൂഗത പാലിക്കാന്‍ തയ്യാറാകണം.

യുവജനങ്ങള്‍ക്കിടയിലുണ്ടാകുന്ന വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തെ മതങ്ങളുമായി കൂട്ടിയിണക്കി ലളിതവത്കരിക്കുകയല്ല പോലീസിന്റെ ഉത്തരവാദിത്വം. സംസ്ഥാനത്ത് മയക്കുമരുന്നുപയോഗം വ്യാപകമാകുന്നതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും പോലീസും മുന്നിട്ടിറങ്ങുകയാണ് വേണ്ടത്.
ഇക്കാര്യത്തില്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

