
കൊച്ചി: എറണാകുളം വടുതല ചിറ്റൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതിയുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്ന ചിറ്റൂര്‍ വടുതല സ്വദേശി പോഴമംഗലം വീട്ടില്‍ ജോസഫ് ജിബിന്‍ ജോണ്‍ (35) എറണാകുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആര് അഭിരാജിന്റെ നേതൃത്വത്തില്‍ പിടിയിലായി. ഇയാളുടെ പക്കല്‍ നിന്ന് 9 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.

പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ 10 കിലോ കഞ്ചാവ് കടത്തിയ കേസില്‍ തടവില്‍ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഒരാഴ്ച മുമ്പ് എറണാകുളം ടൗണ്‍ ഭാഗത്ത് നിന്ന് ചെറിയ അളവിലുള്ള കഞ്ചാവുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിബിന്‍ എറണാകുളം റേഞ്ച് എക്സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

ആന്ധ്രയിലെ വിജയ വാഡയില്‍ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി കൊണ്ടുവന്ന് എറണാകുളം ടൗണിലെ വിവിധ ഭാഗങ്ങളിലുള്ള ഇടനിലക്കാര്‍ക്ക് മൊത്തമായും ചില്ലറയായും കൈമാറുന്നതായിരുന്നു ഇയാളുടെ കച്ചവടത്തിന്റെ രീതി. കഞ്ചാവ് കൈമാറുന്നതിന് ഇടനിലക്കാരനെ കാത്ത് വടുതല പാലം റോഡിന് സമീപം നിന്നിരുന്ന ഇയാളെ 1.200 കിലോ ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മയക്ക് മരുന്ന് കഴിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന ഇയാള്‍ മാരക അക്രമം അഴിച്ചുവിട്ട ശേഷം കഞ്ചാവ് അടങ്ങിയ പൊതി വലിച്ചെറിഞ്ഞ് കുതറിയോടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
പിടിയിലായപ്പോള്‍ ഇയാള്‍ പരിഭ്രാന്തി പരത്തിയത് കണ്ടുനിന്ന നാട്ടുകാരില്‍ ഭീതി പടര്‍ത്തി. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികില്‍സ നല്കി.
തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുടെ താമസ സ്ഥലത്തോട് ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് കിലോയോളം കഞ്ചാവും എക്സൈസ് സംഘം കണ്ടെത്തി. കഞ്ചാവ് വില്‍പ്പനയില്‍ ഇയാളുടെ കൂട്ടാളികളായവരെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്‍സ്പെക്ടര്‍ ആര് അഭിരാജ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വിനോദ് ടി എം, പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ ദേവ്, ജിഷ്ണു മനോജ്, പ്രവീണ്‍ വി എച്ച്, ഫെബിന് എല്‍ദോസ്, അമ്പിളി എം എ, പ്രവീണ്‍ പി സി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടി കൂടിയത്.

