

കൊച്ചി: രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ് ഈ നിര്‍ണായക പ്രഖ്യാപനം. ആരോഗ്യസേവന രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ നിക്ഷേപം പ്രയോജനപ്പെടുത്തും. ഒപ്പം, കേരളത്തിലെ ആരോഗ്യരംഗത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ പുലര്‍ത്തുന്ന മേധാവിത്വം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പനും ഡയറക്ടര്‍ അനൂപ് മൂപ്പനും മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി രാജീവുമായും കൂടിക്കാഴ്ച നടത്തി.

പുതുതായി രണ്ട് പ്രോജക്ടുകളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ കേരളത്തില്‍ ആവിഷ്കരിക്കുന്നത്. 454 കിടക്കകളോടെ തിരുവനന്തപുരത്ത് പണികഴിപ്പിക്കുന്ന ആസ്റ്റര്‍ ക്യാപിറ്റല്‍ ആണ് അതിലൊന്ന്. കാസര്‍ഗോഡ് ആസ്റ്റര്‍ മിംസില്‍ 264 കിടക്കകളും ഉണ്ടാകും. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ അധികമായി 962 കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തും. ഈ സാമ്പത്തിക വര്‍ഷം കൊച്ചിയില്‍ 100 കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു.
നിലവില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് കീഴില്‍ കേരളത്തില്‍ ഏഴ് ആശുപത്രികളാണുള്ളത്. ഇവയില്‍ രോഗികളെ കിടത്തി ചികില്സിക്കുന്നതിന് 2,635 കിടക്കകള്‍ ഉണ്ട്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കേരളത്തിലെ ആസ്റ്റര്‍ ശൃംഖലയിലെ ആശുപത്രികളിലെ ആകെ കിടക്കകളുടെ എണ്ണം 3,453 ആയി ഉയര്‍ത്തും. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒന്‍പത് മാസത്തെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന്റെ 53 ശതമാനവും കേരളത്തില്‍ നിന്നാണ്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 850 കോടി രൂപ കൂടി കേരളത്തില്‍ നിക്ഷേപിക്കും. ആരോഗ്യസേവനരംഗത്തെ അമരക്കാരെന്ന നിലയില്‍ കേരളത്തിന്റെ കഴിവില്‍ തങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025ല്‍ പങ്കെടുക്കവെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
കേരളത്തില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ അനൂപ് മൂപ്പന് പറഞ്ഞു. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ നിലവില്‍ കേരളത്തില്‍ 12,700 ലധികം പേര്‍ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വികസനപദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 4,200 തൊഴിലവസരങ്ങള്‍ കൂടിതുറക്കും. ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് പുറമെ തൊഴില്‍ നൈപുണ്യവികസനത്തിനും സാമൂഹിക ഉന്നമനത്തിനും കൂടി മുന്‍തൂക്കംനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തൊട്ടാകെ മെഡിക്കല്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഇപ്പോള്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്കും തൊഴില്‍ സാധ്യതകള്‍ക്കുമപ്പുറം സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ആസ്റ്റര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കമ്പനിയുടെ സന്നദ്ധസേനയായ ആസ്റ്റര്‍ വോളന്റിയേഴ്സ്, കേരളത്തിനകത്തും പുറത്തും വിവിധ സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ദുരന്തനിവാരണം, അടിയന്തര ചികിത്സ, വിദൂര മേഖലകളിലും ചികിത്സാസൗകര്യങ്ങള്‍ എത്തിക്കുക എന്നിവ അവയില്‍ ചിലതാണ്. വയനാട് ഉരുള്‍പൊട്ടലുണ്ടായ ഘട്ടത്തില്‍ ഉള്‍പ്പെടെ, ആസ്റ്റര്‍വോളന്റിയേഴ്സ് സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

