
ദോഹ: പ്രവാസി ദോഹയുടെ ഇരുപത്തി ഒന്‍പതാമത് വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡിന് രാജ്യാന്തര മുന്‍ അത്ലറ്റും ഏഷ്യന്‍ ഗെയിംസ് ജേതാവും അത്ലറ്റിക്സ് പരിശീലകനുമായ ഒ എല്‍ തോമസിനെ തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അരലക്ഷം രൂപയും നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. അവാര്‍ഡ് ജേതാവിന്റെ ദേശത്തെ പഠിക്കാന്‍ മിടുക്കനായ ഒരു വിദ്യാര്‍ഥിക്ക് പ്രൊഫ. എം എന്‍ വിജയന് സ്മാരക സ്കോളര്‍ഷിപ്പും ഇതോടൊപ്പം നല്‍കും.

1970ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ 4×100 മീറ്റര്‍ റിലേയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന തോമസ് കേരളത്തില്‍ നിന്നുള്ള ഏഷ്യന്‍ ഗെയിംസ് മെഡലിസ്റ്റുകളില് രണ്ടാമത്തെ വ്യക്തി ആയിരുന്നു.

1979ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ദേശീയ റെക്കോര്‍ഡോടെ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ 4×100 മീറ്റര്‍ റിലേ ടീമിലും അംഗമായിരുന്നു തോമസ്.
1968- 70 കാലഘത്തെ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മനുഷ്യന് എന്ന പദവി നേടിയ വ്യക്തിയാണ് ഒ എല്‍ തോമസ്.
പഞ്ചാബ്, സ്റ്റീല്‍ പ്ലാന്റ്സ്, കേരള, ബീഹാര്‍, വെസ്റ്റ് ബംഗാള്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് ടീമുകളെ പ്രതിനിധീകരിച്ച തോമസ് തൃശൂര്‍ കുരിയച്ചിറയിലാണ് താമസിക്കുന്നത്.
അവാര്‍ഡ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഒരു കായിക താരത്തിന് ആദ്യമായാണ് ബഷീര്‍ പുരസ്ക്കാരം നല്‍കുന്നത്.
വൈശാഖന് ചെയര്‍മാനും പി ഷംസുദ്ദീന്, എം എ റഹ്മാന്, കെ കെ സുധാകരന്, സി വി റപ്പായി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
വാര്‍ത്താ സമ്മേളനത്തില്‍ കെ എസ് വെങ്കിടാചലം, പുതുക്കുടി ബാലചന്ദ്രന്, അനീസ് ബഷീര്‍, എം ടി നിലമ്പൂര്‍, ആര് കെ റഷീദ്, ജലീല്‍ പി, റഫീക്ക് മേച്ചേരി, എ വി എം ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

