

ദുബൈ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഔദ്യോഗിക സ്‌പോണ്‍സറായി ആഗോള എജുടെക് കമ്പനിയായ ബൈജൂസിനെ പ്രഖ്യാപിച്ചതിലൂടെ ബൈജൂസ് ഫിഫ ലോകകപ്പ് 2022ന്റെ മുദ്രകള്‍, ചിഹ്നങ്ങള്‍, അസെറ്റുകള്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ നേടിയതായി ബൈജൂസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതുവഴി ശ്രദ്ധേയമായ പ്രമോഷനുകള്‍ നടത്തി ലോകമെങ്ങുമുള്ള ഫുട്ബാള്‍ ആരാധകരുമായി അടുത്തിടപഴകാന്‍ ബൈജൂസിന് അവസരം ലഭിച്ചതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഫുട്ബാളിന്റെ ശക്തിയെ നല്ല സാമൂഹികമാറ്റം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തിലേക്ക് വിനിയോഗിക്കാന്‍ ഫിഫ പ്രതിജ്ഞാബദ്ധമാണെന്നും ലോകത്ത് എവിടെയായിരുന്നാലും യുവാക്കളെ ശാക്തീകരിക്കുകയും സമൂഹങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന ബൈജൂസ് പോലെയുള്ള കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ഫിഫ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ കേ മദാതി പറഞ്ഞു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022മായുള്ള സഹകരണത്തിലൂടെ ആഗോള ആവേശത്തില്‍ പങ്കുചേരാനും അതുല്യമായ പിന്തുണ നല്കാനുമുള്ള പിന്തുണയാണ് അവസരമമെന്ന് ബൈജൂസ് സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കായിക ഇനമായ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്‌പോണ്‍സര്‍ ചെയ്യാനാകുന്നത് അത്യന്തം അഭിമാനകരമാണെന്നും ഇത്രയും പ്രൗഢമായ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായത് ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവില്‍ കോര്‍പറേറ്റ് ആസ്ഥാനവും 21 രാജ്യങ്ങളില്‍ ഓഫിസുകളുമുള്ള ബൈജൂസിന്റെ ഉത്പന്നങ്ങള്‍ 120ലേറെ രാജ്യങ്ങളിലാണ് ലഭിക്കുന്നത്.

