
ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ശ്മശാനത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ തീരാറായത് അറിഞ്ഞു പഞ്ചായത്തില്‍ സിപിഎം നടത്തിയ സമരം രാഷ്ട്രീയ നാടകമാണെന്ന് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്കും ആരോപിച്ചു.

നിലവില്‍ ശ്മശാനത്തില്‍ പുതിയതായി ഗ്യാസ് ക്രമിറ്റോറിയം സ്ഥാപിക്കുന്ന പണി നടക്കുകയാണ്. ഗ്യാസ് ക്രമിറ്റോറിയം വെച്ചിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ഷീറ്റ് ഇട്ടു കഴിഞ്ഞു. പെയിന്റിംഗ് പണി
നടക്കുകയാണ്. അതോടെ ഗ്യാസ് ക്രമിറ്റോറിയത്തിന്റെ പണി കഴിയും.
നിലവില്‍ വിറകു വെച്ചാണ് ശ്മശാനം പ്രവര്‍ത്തിച്ചിരുന്നത്. മൃതദേഹം വെച്ചു കത്തിക്കുന്ന ഇഷ്ടികയുടെ ചേമ്പര്‍ ഇളകി പോയത് ബെല്‍റ്റ് വാര്‍ത്ത് നന്നാക്കുന്ന പണിയും നടക്കുകയാണ്. അതോടെ രണ്ടു രീതിയില്‍ ശ്മശാനം പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും. അടുത്ത തിങ്കളാഴ്ച്ചയോടെ വിറകു ശ്മശാനം വീണ്ടും പ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിക്കും. രണ്ടാഴ്ച്ച കൊണ്ടു ഗ്യാസ് ക്രമിറ്റോറിയത്തിന്റെ പണിയും കഴിയും. അതോടെ പുതിയ ഗ്യാസ് ക്രമിറ്റോറിയം ഉദ്ഘാടനം ചെയ്യുന്നതാണ്. ഇതെല്ലാം അറിഞ്ഞു കൊണ്ടുള്ള സിപിഎമ്മിന്റെ വരുന്ന തദ്ദേശ തിരിഞ്ഞെടുപ്പ് കണ്ടുളള ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള രാഷ്ട്രീയ നാടകമാണിതെന്നും ജനങ്ങളെ വിഡ്ഡികളാക്കാനുളള സിപിഎമിന്റെ രാഷ്ട്രീയ പാപ്പരത്തം പൊതുജനം തിരിച്ചറിയുമെന്നും ബാബു പുത്തനങ്ങാടിയും മുഹമ്മദ് ഷെഫീക്കും പറഞ്ഞു.
