

കൊച്ചി: ഭിന്നശേഷിക്കാരെ പൂര്‍ണമായും അവഗണിച്ച ബജറ്റിനെതിരെ ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ സമൂഹത്തിലെ അവശ വിഭാഗങ്ങളാണ്. ഇക്കൂട്ടരുടെ അവസാനത്തെ ആശ്രയമാണ് പെന്‍ഷന്‍. വികസനത്തോടൊപ്പം സാമൂഹ്യ സുരക്ഷയ്ക്ക് അതിന്റേതായ പ്രാധാന്യം ഉണ്ടെന്ന് കാര്യം സര്‍ക്കാര്‍ വിസ്മരിക്കരുതെന്ന് ആന്റണി കുരീത്തറ പറഞ്ഞു.

ഭിന്നശേഷിക്കാരെ പൂര്‍ണമായും അവഗണിച്ച ബജറ്റ് വികസനക്കണക്കുകളും പുതിയ വികസന പദ്ധതികളും നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ കരുതലും സംരക്ഷണവും ആവശ്യമുളള ഭിന്നശേഷിക്കാരെ മറന്ന് കൊണ്ടുള്ള നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ബ്ജറ്റില്‍ സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന ഭിന്നശേഷിക്കാരെ പൂര്‍ണ്ണമായും അവഗണിച്ചു. ഏറ്റവും കൂടുതല്‍ കരുതലും സംരക്ഷണവും ആവശ്യമുള്ള ഭിന്ന ശേഷിക്കാര്‍ക്കായി കാര്യമായ ഒരു തുകയും ബജറ്റില്‍ നീക്കി വെച്ചിട്ടില്ല. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചില്ല, ആശ്വാസ കിരണം പ്രതിമാസം നല്‍കുന്ന തുക ഒന്നരവര്‍ഷത്തെ കുടിശ്ശികയുള്ളതിന് ബജറ്റില്‍ തുക വകമാറ്റിയതായ കണ്ടില്ല. പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു എണ്‍പത് ശതമാനം മുകളിലുള്ള ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ വര്‍ധനവ് ഉണ്ടായില്ല. നിലവില്‍ ഈ പെന്‍ഷന്‍ ഉണ്ടായതാണ് അത് കഴിഞ്ഞ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം തന്നെ നിലച്ചിരുന്നു.
സാമൂഹ്യക്ഷേമ സുരക്ഷാ പെന്‍ഷനുകള്‍ 2500 രൂപയായി ഉയര്‍ത്തും എന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലേക്ക് ഒരു ചെറുചുവട് വെയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭിന്നശേഷിക്കാരുടെ സ്വയം തൊഴില്‍ പദ്ധതിക്ക് കേരളം ഒട്ടൊക്കെ ഭിന്നശേഷി സൗഹൃദപാത ഒരുക്കാനും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും പുനരധിവാസത്തിന് ഈ ബജറ്റില്‍ തുക വകയിരുത്തിയതായി കണ്ടില്ല.
കോവിഡാനന്തരമുളള കാലത്ത് പൂര്‍ണമായും നിസ്സഹായരായി പോയ ഭിന്നശേഷിക്കാരെ അവഗണിച്ച ബജറ്റിനെതിരെ പൊതുസമൂഹത്തിന്റെയും പിന്തുണയോടെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് എ കെ ഡബ്യു ആര്‍ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.
സമരത്തെ അഭിവാദ്യം ചെയ്ത് തണല്‍ പാലിയേറ്റീവ് കെയര്‍ ജില്ലാ ചെയര്‍മാന്‍ എം കെ അബുബക്കര്‍ ഫാറൂഖി, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ദിപു കുഞ്ഞുകുട്ടി, നഗരസഭ എ കെ ഡബ്യു ആര്‍ എഫ് ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റം, മുന്‍ നഗരസഭ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യം, എ കെ ഡബ്യു ആര്‍ എഫ് ജില്ലാ സെക്രട്ടറി കെ ഒ ഗോപാലന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ പി രാജേഷ്, എ കെ ഡബ്യു ആര്‍ എഫ് ജില്ലാ ഉപദേശക സമിതി അംഗം മണി ശര്‍മ്മ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി ഒ പരീത് എന്നിവര്‍ സംസാരിച്ചു.
എ കെ ഡബ്യു ആര്‍ എഫ് ജില്ലാ ഉപദേശക സമിതി അംഗം ദിപാമണി, എം കെ സുധാകരന്‍, മത്തായി വാരപ്പെട്ടി, അംബിക കളമശ്ശേരി, ആമീര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

