ഖത്തര്‍ കേരള ഇസ്ലാമിക് സെന്ററിന്റെ അനുമോദന സമ്മേളനം ശ്രദ്ധേയമായി

Web Desk
2 Min Read

ദോഹ: ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ (കെ ഐ സി) സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പൊതുപരീക്ഷയിലും വിവിധ പൊതുപരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ വിദ്യാര്‍ഥികളെയും അവരുടെ ഉസ്താദുമാരെയും ആദരിക്കുന്ന അനുമോദന സമ്മേളനം അബൂഹമുറിയിലെ ഐ സി സി അശോക ഹാളില്‍ നടന്നു.

city exchange

വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെയും അവരെ വാര്‍ത്തെടുത്ത അധ്യാപകരെയും സമൂഹത്തിന് മാതൃകകളായി ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഠനരംഗത്തെ നേട്ടങ്ങള്‍ വ്യക്തിപരമായ വിജയങ്ങള്‍ മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിമാനമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സമ്മേളനത്തിന് സൈനുദ്ദീന്‍ നിസാമി പ്രാര്‍ഥന നിര്‍വഹിച്ചു. ഹാഫിള് അസ്ലം വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. കെ ഐ സി ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍ സ്വാഗതം ആശംസിച്ചു.

കെ ഐ സി വൈസ് പ്രസിഡന്റ് അബ്ദുല്‍ മാലിക് ഹുദവി അധ്യക്ഷത വഹിച്ചു. ഐ സി സി ഖത്തര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെയാണ് സമൂഹത്തിന്റെ പുരോഗതിയെന്നും വിദ്യാര്‍ഥികള്‍ അറിവിനോടും മൂല്യങ്ങളോടും പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

- Advertisement -
Ad image

കെ ഐ സി ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ മജീദ് ഹുദവി അനുമോദന പ്രഭാഷണം നടത്തി. സമസ്ത പൊതുപരീക്ഷകളിലും വിവിധ അക്കാദമിക് മേഖലകളിലും മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അഭിനന്ദിച്ച അദ്ദേഹം അവരുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉസ്താദുമാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് പ്രത്യേകം അനുസ്മരിച്ചു.

ഐ സി ബി എഫ് ഖത്തര്‍ പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി ഖത്തര്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ജാഫര്‍ തയ്യില്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് റഹീസ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിക്ക് അബ്ദുല്‍ ഹഖീം വാഫി, ബഷീര്‍ അമ്പലക്കണ്ടി, അബു മണിച്ചിറ, ബഷീര്‍ ഇരിങ്ങത്ത് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സാമൂഹിക, സാംസ്‌കാരിക, മത സംഘടനാ പ്രതിനിധികളും കെ ഐ സി ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായി.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും ഖത്തര്‍ യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്കും മൊമെന്റോകളും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. അതോടൊപ്പം അവരുടെ ഉസ്താദുമാരെയും അധ്യാപകരെയും പ്രത്യേകം ആദരിച്ച് അംഗീകാരം നല്‍കി. വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ ഭാവിതലമുറയ്ക്ക് പ്രചോദനമാകുമെന്നും വിദ്യാഭ്യാസ മികവ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സമ്മേളനത്തിന്റെ സമാപന പ്രാര്‍ഥനയ്ക്ക് ചീഫ് സദര്‍ സി കെ അബ്ദുല്‍ റസാക്ക് മൗലവി നേതൃത്വം നല്‍കി. അലി അക്ബര്‍ ഹുദവി നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!