
കുറ്റ്യാടി: കുറ്റ്യാടിയുടെ മത- സാംസ്‌കാരിക വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്കിയ ഇസ്‌ലാംമത പണ്ഡിതനും കലാപ്രതിഭയും നൂറോളം മാപ്പിളപ്പാട്ടുകളുടെ രചയിതാവുമായ എം എ റഹിം മൗലവി എന്ന റഹീം കുറ്റ്യാടി (80) അരീക്കോട് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം.

ഭാര്യമാര്‍: ഫാത്തിമ, ഹഫ്‌സ, സലീന. മക്കള്‍: ഉമൈബാന്‍ (അധ്യാപിക, എന്‍ എ എം എച്ച് എസ് എസ് പെരിങ്ങത്തൂര്‍), റഹീന, നഈമ, തസ്‌നീം (അധ്യാപകന്‍), ഡോ. ഉമൈര്‍ഖാന്‍ (അസി. പ്രഫ. ആര്‍ യു എ കോളജ് ഫാറൂഖ്), ഫായിസ് മസ്‌റൂര്‍, മുസ്‌ന, റഹ്മ, റസീം, ഫാസില്‍, ഇഹ്‌സാന്‍. മരുമക്കള്‍: പരേതനായ ഹമീദ് കരിയാട് (കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം), മുസ്തഫ (റോളക്‌സ് ട്രാവല്‍സ് കോഴിക്കോട്), റഫീക്ക് റഷീദ് (സിനിമാട്ടോഗ്രാഫര്‍), സൗദ തസ്‌നീം, റസീന ഉമൈര്‍ (ടി എം കോളജ് നാദാപുരം).

പിതാവ്: എം അബ്ദുല്ലക്കുട്ടി മൗലവി. മാതാവ്: ഫാത്തിമ മുസ്‌ല്യാരകത്ത്.
സഹോദരങ്ങള്‍: മഹമ്മൂദ് മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ മജീദ്, നൂറുദ്ദീന്‍, മറിയം, റുഖിയ ശരീഫ ടീച്ചര്‍, പരേതരായ സൈനുദ്ദീന്‍ മാസ്റ്റര്‍, മാപ്പിളപ്പാട്ട് ഗായകന്‍ ഹമീദ് ശര്‍വാനി, അബ്ദുല്‍ കരീം മൗലവി, നഫീസ.
അവനാണ് ദൈവം (വേദങ്ങളുടെ ആത്മസാരം), ദൈവത്തെ തേടി (ഗീത- ബൈബിള്‍- ഖുര്‍ആന്‍ ദര്‍ശന സമന്വയം), ഉണ്ടോ സഖീ ഒരു കുല മുന്തിരി (ഗാനസമാഹാരം), ശാസ്ത്ര വിസ്മയങ്ങള്‍ ഖുര്‍ആനില്‍ തുടങ്ങി പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ടിന് കേരളമൊട്ടുക്കും പ്രചാരം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. ഉണ്ടോ സഖീ ഒരു കുല മുന്തിരി എന്ന മാപ്പിളപ്പാട്ട് എഴുതിയ അദ്ദേഹത്തിന്റെ വരികളിലൂടെയാണ് ഉമര്‍ രണ്ടാമന്‍ ഉമറ്ബിന്‍ അബ്ദുല്‍ അസീസിനെ കുറിച്ച് മലയാളി മുസ്‌ലിംകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലായത്. ചെറിയ കുമ്പളത്ത് 1970ല്‍ സ്ഥാപിച്ച സ്മയിലിംഗ് ആര്‍ട്‌സ് ആന്റ്് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപകനായിരുന്നു. ക്ലബ്ബിന് കീഴില്‍ രണ്ടാഴ്ച കൂടുമ്പോള്‍ മോഡല്‍ പാര്‍ലമെന്റ്്, സാഹിത്യ സമാജം, പ്രസംഗ പരിശീലനം തുടങ്ങിയവ പരിശീലിക്കുകയും നാടകവും നിഴല്‍ നാടകവും അരങ്ങേറുകയും ചെയ്തു.
വയനാട്ടില്‍ അധ്യാപകനായിരുന്നു. നാദാപുരം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ അറബി അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നു.

1972ല്‍ എഴുതി എ ടി ഉമ്മര്‍ സംഗീതം നല്കി 1975ല്‍ മദ്രാസില്‍ റെക്കോര്‍ഡ് ചെയ്ത ഉണ്ടോ സഖീ ഒരു കുല മുന്തിരി എന്ന ഗാനം റഹീം കുറ്റ്യാടിയുടെ സഹോദരന്‍ ഹമീദ് ശര്‍വാനിയും ശൈലജയുമാണ് ആലപിച്ചത്. 1975ല്‍ മികച്ച ശബ്ദത്തിന് ഹമീദ് ശര്‍വാനിക്ക് എം ഇ എസ് സ്വര്‍ണ മെഡല്‍ ലഭിച്ചു.
സന്തോഷത്തിന്‍ കൈത്തിരികളുമായി ഓണം വന്നു എന്തൊരു സുദിനം പോലുള്ള ഗാനങ്ങള്‍ റഹീം കുറ്റ്യാടി രചിക്കുകയും ഹമീദ് ശര്‍വാനി ആലപിക്കുകയും ചെയ്തു. സൗറെന്ന നാളില്‍ പണ്ട് എന്ന ഗാനവും വളരെ പ്രശസ്തമായിരുന്നു.
പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്രവുമായി ബന്ധിപ്പിച്ചുള്ള വെള്ളിയാഴ്ച പ്രസംഗങ്ങളാണ് റഹീം മൗലവി നിര്‍വഹിച്ചിരുന്നത്.
ഖബറടക്കം വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് കുറ്റ്യാടി ജുമാ മസ്ജിദില്‍.


