

കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ തുടക്കകാലം സവര്‍ണ്ണവും ഹൈന്ദവും മതപരവുമായിരുന്നുവെന്ന് പ്രമുഖ കവി പി രാമന്‍. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വികേന്ദ്രീകൃതമാകുന്ന മലയാള കവിത എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സാഹിത്യത്തിന്റെ ആരംഭകാലം സവര്‍ണമായത് കൊണ്ടുതന്നെ മുസ്ലിം ജീവിതം മലയാള കവിതകളില്‍ പ്രത്യക്ഷപ്പെടാന്‍ 1960കള്‍ വരെ കാത്തിരിക്കേണ്ടിവന്നുവെന്നും പി രാമന്‍ പറഞ്ഞു. പുറമണ്ണൂര്‍ ടി മുഹമ്മദിനെ പോലുള്ള കവികള്‍ വിസ്മൃതിയില്‍ മാഞ്ഞത് രാഷ്ട്രീയവും ചരിത്രപരവുമായ മറവികളുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ രാമചരിതത്തിന്റെ തുടര്‍ച്ച എഴുത്തച്ഛനിലല്ല, മാപ്പിളമാര്‍ ക്കിടയിലായിരുന്നു. അറബി- മലയാളത്തിന് സമ്പന്നമായ ഒരു ഗാന ചരിത്രമുണ്ട്. മുഖ്യധാര സാഹിത്യ ചര്‍ച്ചകളില്‍ അതിനെ അപരവത്ക്കരിക്കുന്നത് അപരാധമാണ്’, കവി പറഞ്ഞു.
പൊന്‍കുന്നം സയ്യിദ് മുഹമ്മദ്, ടി ഉബൈദ്, എസ് വി ഉസ്മാന്‍, പി ടി അബ്ദുറഹ്‌മാന്‍ തുടങ്ങിയ കവികളുടെ പേര് പറയാതെ ഒരു കവിതാ ചര്‍ച്ചയും പൂര്‍ണ്ണമാവുകയില്ലെന്നും എം എല്‍ എഫ് അതിനുള്ള ഒരു സുവര്‍ണ്ണ വേദിയാണെന്നും പി രാമന്‍ പറഞ്ഞു.
ഓണക്കവിതകള്‍ വരുന്ന പാഠപുസ്തകങ്ങളില്‍ എന്തുകൊണ്ട് റമദാന്‍ കവിതകള്‍ പ്രസിദ്ധീകരിയ്ക്കുന്നില്ല എന്ന കാലിക പ്രസക്തിയുള്ള ചോദ്യമുന്നയിച്ചു കൊണ്ടാണ് കവി പ്രസംഗം അവസാനിപ്പിച്ചത്.

