
കൊച്ചി: ബെംഗളൂരു ആസ്ഥാനമായ ഒറിജിനല്‍ എക്വിപ്മെന്റ് നിര്‍മ്മാതാക്കളായ ന്യുമെറസ് മോട്ടോഴ്‌സ് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് കൊച്ചി സിറ്റി പൊലീസിന് ന്യുമെറോസിന്റെ പ്രധാന ഇലക്ട്രിക് ഇരുചക്രവാഹനം ‘ഡിപ്ലോസ്’ കൈമാറി. അഞ്ച് വാഹനങ്ങളാണ് കൊച്ചി സിറ്റി പൊലീസിന് നല്‍കിയത്.

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം ഹോട്ടല്‍ ഹൈവേ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ജോഷി ചാക്കോ വിശിഷ്ടാതിഥിയായി പങ്കെടുത്തു.പ്രസിഡണ്ട് പി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വര്‍ധിച്ചു വരുന്ന ജനസംഖ്യയും അതിനനുസരിച്ച് വര്‍ധിക്കുന്ന വാഹനങ്ങളുമാണ് കൊച്ചി ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. വാഹന വര്‍ധനവിന് അനുസരിച്ച് റോഡുകളുടെ ശേഷി വര്‍ധിക്കാത്തതിനാല്‍ ഗതാഗതക്കുരുക്കാണ് എല്ലായിടത്തും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങളുടെ വേഗത വര്‍ധിച്ചിരിക്കുകയും റോഡുകളുടെ സ്വഭാവം മാറുകയും ചെയ്തിരിക്കുന്നതിനാല്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഗതാഗതവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം ഉള്‍പ്പെടെ നടത്താന്‍ റോട്ടറി പോലുള്ള സംഘടനകള്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്ത് വര്‍ഷം മുമ്പ് പ്രതിവര്‍ഷം ഏകദേശം 4,400 റോഡ് അപകട മരണങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 3,800 ആയി കുറഞ്ഞിട്ടുണ്ട്. എങ്കിലും ആറു വരിപ്പാത പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പുതിയ വെല്ലുവിളികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ആശങ്കയുണ്ടാക്കുന്ന കണക്ക് കാല്‍നട യാത്രക്കാരുടെ അപകട മരണമാണെന്നും ഇരുചക്ര, നാലുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ കാല്‍നട യാത്രക്കാരെ കൂടുതല്‍ പരിഗണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം ആയിരത്തോളം കാല്‍നട യാത്രക്കാരാണ് റോഡ് അപകടത്തില്‍ മരിക്കുന്നത്. അപകടത്തില്‍പ്പെടുന്ന കാല്‍നട യാത്രക്കാരില്‍ ഭൂരിപക്ഷവും 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരത്തില്‍ സ്ഥിരതയുള്ളതും കാര്യക്ഷമവുമായ പൊലീസിംഗ് ശക്തിപ്പെടുത്തുന്നതിന് ചെറിയതെങ്കിലും പ്രധാനപ്പെട്ട സംഭാവനയായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി പ്രസിഡണ്ട് പി മനോജ് കുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
റോട്ടറി റോഡ് സേഫ്റ്റി ഇനീഷ്യേറ്റീവ് ചെയര്‍ രാജീവ് എ ടി, ന്യൂമറസ് മോട്ടോഴ്സ് ചീഫ് ഓഫ് സ്റ്റാഫും ഹെഡ് ഓഫ് പ്രോഗ്രാം മാനേജ്മെന്റുമായ ബിജോയ് ജോര്‍ജ്ജ്, ആര്‍ ജെ പ്രഹര്‍ഷ്, ഡോ. ഹാറൂണ്‍ പിള്ളൈ, ഡി സി പി വിനോദ് പിള്ളൈ എന്നിവര്‍ പ്രസംഗിച്ചു.
പൊലീസ് പട്രോളിംഗിന് അനുയോജ്യമായി ഇഷ്ടാനുസൃതമായി വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതു അറിയിപ്പ് സംവിധാനം, സൈറണ്‍, ബീക്കണ്‍ ലൈറ്റുകള്‍, ഈഗിള്‍-ഐ ലൈറ്റുകള്‍, വാക്കി-ടോക്കി ഹോള്‍ഡര്‍, യൂട്ടിലിറ്റി ബോക്സ്, ഹെല്‍മറ്റുകള്‍ എന്നിവയുള്‍പ്പെടെ ആധുനിക സവിശേഷതകളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വാഹനങ്ങള്‍ അനധികൃത പെടസ്ട്രിയന്‍ പാര്‍ക്കിംഗ് തടയല്‍ കാല്‍നടക്കാരുടെ റോഡ് ക്രോസിങ്ങിലെ സുരക്ഷ എന്നിവക്ക് സഹായം ചെയ്യുന്ന തരത്തില്‍ പൊലീസിന് വേഗത്തില്‍ ചെന്നെത്താന്‍ വളരെ സഹായകമാകും.

