സമസ്ത മദ്റസാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 97.06%, 2,749 പേര്‍ക്ക് ടോപ് പ്ലസ്

Web Desk
2 Min Read

കോഴിക്കോട്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ചില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

city exchange

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത 2,61,375 വിദ്യാര്‍ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,47,924 പേര്‍ വിജയിച്ചു (97.06 ശതമാനം). ആകെ വിജയിച്ചവരില്‍ 2,749 പേര്‍ ടോപ് പ്ലസും 29,879 പേര്‍ ഡിസ്റ്റിംഗ്ഷനും 77,559 പേര്‍ ഫസ്റ്റ് ക്ലാസും 42,530 പേര്‍ സെക്കന്റ് ക്ലാസും 95,207 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കിയെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്റസകളിലെ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്നത്. പരീക്ഷാ ഫലം www.samtsaha.info, tthp://result.samtsaha.info/ എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാകും.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,09,707 കുട്ടികളില്‍ 1,04,923 പേര്‍ വിജയിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 99,758 കുട്ടികളില്‍ 98,050 പേര്‍ വിജയിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 39,422 കുട്ടികളില്‍ 38,552 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 6,551 കുട്ടികളില്‍ 6,399 പേര്‍ വിജയിച്ചു.

- Advertisement -
Ad image

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്‌ലാമിക് മദ്റസയാണ്. പത്താം ക്ലാസില്‍ എടപ്പാള്‍ ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്റസയില്‍ നിന്നാണ്. പ്ലസ്ടു ക്ലാസില്‍ വി കെ പടി ദാറുല്‍ ഇസ്‌ലാം അറബിക് മദ്രസയിലുമാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ലയിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്റസയിലാണ്. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണ്.

വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ പരീക്ഷക്കിരുത്തിയത് യു എ ഇയിലാണ്. 1,038 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2022 മെയ് 14,15 തിയ്യതികളില്‍ നടക്കുന്ന സേ പരീക്ഷക്കിരിക്കാവുന്നതാണ്. www.online.samtsaha.info എന്ന സൈറ്റില്‍ മദ്റസ ലോഗിന്‍ ചെയ്ത് സേ പരീക്ഷക്ക് 180 രൂപയും പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രില്‍ 20 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്ററും സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!