NEWS
ഡെയറി മേഖലയില്‍ രാജ്യത്തെ ആദ്യ ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സാപിന്‍സ്

കൊച്ചി: കൊച്ചി ആസ്ഥാനമായ പ്രമുഖ ഡെയറി ഉത്പന്ന കമ്പനിയായ സാപിന്‍സ് ഈ മേഖലയില്‍ രാജ്യത്തെ ആദ്യത്തെ ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് ചരിത്രം കുറിച്ചു. കിഴക്കമ്പലത്ത് പ്രതിദിനം 50,000 ലിറ്റര്‍ സംസ്‌കരണശേഷിയുള്ള നവീകരിച്ച പ്ലാന്റിന്റെ മുഴുവന്‍ ഊര്‍ജ ആവശ്യങ്ങളും നിറവേറ്റാന്‍ 2.8 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 200 കിലോവാട്ട് ശേഷിയുള്ള പ്ലാന്റിനാകുമെന്ന് സാപിന്‍സ് ഡെയറി മാനേജിംഗ് ഡയറക്ടര്‍ ജിജി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


100 കിലോവാട്ട് ശേഷിയുള്ള ഇന്‍ഡക്ഷന്‍ ഹീറ്റ് എക്സ്ചേഞ്ചര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്റഗ്രേറ്റ്ഡ് എനര്‍ജി മാനേജ്മെന്റ് സിസ്റ്റത്തോടു (ഐഇഎംഎസ്) കൂടിയ പുതിയ സോളാര്‍ പ്ലാന്റെന്ന് ജിജി തോമസ് വിശദീകരിച്ചു.


മൊത്തം പ്ലാന്റിന്റെ വൈദ്യുതാവശ്യങ്ങള്‍ നിറവേറ്റുക വഴി പരിസ്ഥിതിക്ക് ചെയ്യുന്ന സേവനമാണ് എടുത്തുപറയേണ്ട മറ്റൊരു സംഗതി. ഡീസല്‍ ഉപയോഗം ഏതാണ്ട് പൂര്‍ണമായിത്തന്നെ ഒഴിവാക്കാനാവും. ഇടതടവില്ലാത്തതും വോള്‍ട്ടേജ് വ്യതിയാനമില്ലാത്തതുമായ വൈദ്യുതിലഭ്യതയും ഉറപ്പുവരുത്താനാവും.


സൂര്യപ്രകാശം കുറവുള്ള സീസണുകളില്‍ വിവിധ സ്രോതസ്സുകള്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന ഓപ്ഷനോടെയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് സോളാര്‍ പ്ലാന്റ് സ്ഥാപനത്തിന് മേല്‍നോട്ടം വഹിച്ച സോളാഡൈന്‍ എനര്‍ജി സൊലൂഷന്‍സ് ഡയറക്ടര്‍ അജിത് എം എസ് പറഞ്ഞു.
ഒരു പാല്‍ സംസ്‌കരണ സ്ഥാപനം എന്ന നിലയില്‍ നിന്ന് സംയോജിത ഡെയറി ഉത്പന്ന കമ്പനിയായി വളര്‍ന്ന സാപിന്‍സിന്റെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലാണ് പുതിയ സോളാര്‍ പ്ലാന്റെന്ന് മാര്‍ക്കറ്റിംഗ് ഡയക്ടര്‍ സുനില്‍ കുമാര്‍ പറഞ്ഞു. ഊര്‍ജ ലഭ്യതയിലെ ഈ സാശ്രയത്വം കൂടുതല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും ശേഷി വര്‍ധനവിനും അടിത്തറയാകും. പാല്‍, നെയ്യ് എന്നിവയോടൊപ്പം പൗച്ചില്‍ തൈര്, ടബ്ബില്‍ സെറ്റ് കേഡ്, പനീര്‍, ഖോവ, ഐസ്‌ക്രീം എന്നീ ഉത്പന്നങ്ങളിലേയ്ക്കും കമ്പനി വളര്‍ച്ച വ്യാപിപ്പിച്ചിരുന്നു. ഉത്പാദനത്തിനു പുറമെ വിതരണവും പരിസ്ഥിതി സൗഹാര്‍ദമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ത്രീവീലറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ജിജി തോമസ് കൂട്ടിച്ചേര്‍ത്തു. കമ്പനി ജീവനക്കാരില്‍ പകുതിയലധികവും വനിതകളാണെന്ന് എച്ച് ആര്‍ ഹെഡ് സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു.


