
കൊച്ചി: പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ക്രൈം ഡ്രാമ ചിത്രം വേലയുടെ ട്രയ്‌ലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ ആയി ഷെയിന്‍ നിഗവും മല്ലികാര്‍ജ്ജുനനായി സണ്ണിവെയ്നും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നു.

സണ്ണി വെയ്നും ഷെയിന്‍ നിഗവും പോലീസ് വേഷത്തില്‍ കൊമ്പുകോര്‍ക്കുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. തനിക്കു ചെയ്യാന്‍ ഇഷ്ടമുള്ള പോലീസ് ജോലിയില്‍ നിര്‍വൃതനായിരിക്കുന്ന ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സങ്കീര്‍ണ്ണമായ കേസന്വേഷണത്തിലേക്കുള്ള യാത്രയാണ് വേല ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം സജാസും നിര്‍വഹിച്ചിരിക്കുന്നു. സിദ്ധാര്‍ഥ് ഭരതനും അതിഥി ബാലനും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
വേലയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ചിത്രസംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജന്‍, മന്‍സൂര്‍, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

