
മനാമ: കാപിറ്റല്‍ കമ്മ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ഒരു ജീവനായി ഒരു തുള്ളി രക്തം’ എന്ന സന്ദേശവുമായി വിഖായ ദിനത്തോടനുബന്ധിച്ച് മുഹറഖ് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ക്യാമ്പ് നടന്നത്.

സമസ്ത ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് സയ്യിദ് യാസര്‍ ജിഫ്രി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് ക്യാമ്പിന് തുടക്കമായത്. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ പൂക്കോയ തങ്ങള്‍ രക്തദാതാക്കളെ അഭിനന്ദിക്കുകയും ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ജീവനക്കാരെയും രാജ്യത്തെ ഭരണകര്‍ത്താക്കളെയും അനുമോദിക്കുകയും ചെയ്തു.

ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്ത നിരവധി പേര്‍ ക്യാമ്പില്‍ രക്തദാനം നടത്തി. സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ് എം അബ്ദുല്‍ വാഹിദ്, വര്‍ക്കിംഗ് പ്രസിഡന്റ് വി കെ കുഞ്ഞഹമ്മദ് ഹാജി, ജോയിന്റ് സെക്രട്ടറി ഷഹീം ദാരിമി തുടങ്ങി വിവിധ നേതാക്കളും ഉസ്താദുമാരും ക്യാമ്പില്‍ സന്നിഹിതരായിരുന്നു.
എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഉമൈര്‍ വടകര, സജീര്‍ പന്തക്കല്‍, ജനറല്‍ സെക്രട്ടറി നവാസ് കുണ്ടറ, ജോയിന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീര്‍, റാഷിദ് കക്കട്ടില്‍, മുഹമ്മദ് പെരിന്തല്‍മണ്ണ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകസമിതി അംഗങ്ങളും വിഖായ പ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്വം നല്‍കി.

