നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി മണ്ണ്

Web Desk
3 Min Read

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്… ആ മണ്ണിന്റെ ഊഷ്മളതയെക്കുറിച്ച് ശരിക്കും ബോധ്യം വേണമെങ്കില്‍ അല്പമെങ്കിലും കാലം നാട്ടില്‍ നിന്നും വിട്ടു നില്‍ക്കണം. മലയാളി തന്റെ നാടിനെക്കുറിച്ച് എപ്പോഴും അഹങ്കരിക്കാറുണ്ട്. അത് പലപ്പോഴും ശരിയുമായിരുന്നു.

city exchange

ഇന്ത്യാ മഹാരാജ്യത്തിനു തന്നെ മാതൃകയായി മലയാളക്കര തിളങ്ങിയിരുന്നു. കാലാവസ്ഥ, വിദ്യ, പെരുമാറ്റം, സംസ്‌കാരം ഇവകൊണ്ടെല്ലാം നമ്മള്‍ സമ്പന്നരായിരുന്നു. കാലമേറെക്കൊഴിഞ്ഞു പോയി. ഭാരതപ്പുഴയിലൂടെ വെള്ളവും വള്ളങ്ങളും ഏറെ ഒഴുകിപ്പോയി. ഇപ്പോള്‍ കേരളം അറുപത്തിയഞ്ച് പിന്നിടുന്നു. ജീവിതത്തില്‍ ഒരു മനുഷ്യന്‍ പക്വവും പാകവുമായി തീരുന്ന കാലമാണത്. അനുഭവങ്ങളിലൂടെ കടന്നുപോയി അതില്‍ നിന്നെല്ലാം പാഠങ്ങള്‍ പഠിച്ച് മറ്റുള്ളവര്‍ക്കെല്ലാം മാതൃകയാകേണ്ട കാലം നമ്മുടെ നാട് ഇപ്പോള്‍ അങ്ങനെയാണോയെന്ന് ഓരോ മലയാളിയും വിലയിരുത്തേണ്ടതുണ്ട്. ഭൗതിക പുരോഗതിമാത്രമല്ല ഒരു സമൂഹത്തെ അളക്കാനുള്ള ഉപാധി.

പിന്നിട്ട വഴിത്താരകള്‍ അറുപത്തിയഞ്ചില്‍ നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനപൂരിതമായി അന്തരംഗം മാറുന്ന പലതുമുണ്ട്. അതോടൊപ്പം നമ്മെ നാണക്കേടിലാക്കാനുള്ള ചിലതും കാണാം. ലോകം മുഴുവന്‍ മലയാളികളുണ്ട്. അവിടങ്ങളിലെല്ലാമുളള ജീവിത സാഹചര്യങ്ങളെ ഏതു വിധത്തിലും പുണരാനുള്ള കഴിവും നമുക്കുണ്ട്. മലയാളി ചെല്ലുന്നിടമെല്ലാം അവന്റെ സ്വന്തമായി മാറും. പക്ഷേ പലനാടുകള്‍ പല സംസ്‌കാരങ്ങള്‍ നമ്മള്‍ പേറുമ്പോഴും അതിന്റെ നന്മകളെ പകര്‍ത്തി നാട്ടിലെത്തിക്കാന്‍ പലപ്പോഴും പലരും മറക്കുന്നു. എന്നാല്‍ അവിടങ്ങളിലെ തിന്‍മകള്‍ പകര്‍ത്താനും അത് പരീക്ഷിക്കാനും നാമീ മണ്ണിലും ശ്രമിക്കുന്നുവെന്നത് സങ്കടകരമാണ്.

വൃത്തിയുടേയും വെടുപ്പിന്റേയും കാര്യത്തില്‍ നമ്മളെപ്പറ്റി ഏറെ മതിപ്പു പറയാറുണ്ട്. പക്ഷേ സ്വകാര്യ ജീവിതത്തിലെ ക്ലീന്‍ലിനസ് സമൂഹ ജീവിതത്തില്‍ മറക്കുന്നുവെന്നതും സങ്കടകരം തന്നെ. സങ്കോചമേതുമില്ലാതെ പൊതു ഇടങ്ങളില്‍ പുകവലിക്കാനും തുപ്പി നിറക്കാനും മാലിന്യനിക്ഷേപം നടത്താനും ഇപ്പോഴും നമ്മളില്‍ ഭൂരിഭാഗത്തിനും കഴിയുന്നുവെന്നത് അത്ഭുതകരമാണ്.
ഭാഷാടിസ്ഥാനത്തില്‍ കേരളം പിറവിയെടുത്തിട്ട് ഇന്ന് 65 വര്‍ഷമാകുന്നു. പ്രളയങ്ങളും വിട്ടുപോകാന്‍ മടിച്ചുനില്‍ക്കുന്ന കോവിഡ് മഹാമാരിയും നല്‍കുന്ന ആശങ്കകള്‍ക്കിടയിലും കേരളത്തിന് ഇത് ഉയിര്‍ത്തെഴുന്നേല്‍പിന്റെയും പ്രതീക്ഷകളുടെയും വാര്‍ഷികമാണ്.

- Advertisement -
Ad image

1956 നവംബര്‍ ഒന്നിനാണ് കേരളം രൂപീകൃതമായത്. ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു അത് സാധ്യമായത്. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും മലബാറും ചേര്‍ത്താണ് നവംബര്‍ ഒന്നിന് മലയാളി തന്റെ ഭൂപടം വരച്ചത്. ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വര്‍ഷത്തിനുശേഷമാണ് ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിച്ചത്.

ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയ രണ്ടാണ്ടുകാലം അവസാനിക്കുന്നു. പരീക്ഷണങ്ങളില്‍ പതറാതെ നമ്മള്‍ പിടിച്ചു നിന്നു. ഇനിയും നമ്മളേറെ മുന്നേറേണ്ടതുണ്ട്. ഉപഭോഗ സംസ്ഥാനം എന്നതില്‍ നിന്നും നമുക്കു മാറേണ്ടതുണ്ട്. കൃഷിയുടെയും അതിന്റെ ശാസ്ത്രീയവും വാണിജ്യപരവുമായ മുന്നേറ്റങ്ങളും നമ്മളിനിയും പഠിക്കാനും നിര്‍വഹിക്കാനുമുണ്ട്. ലോകത്തിന്റെ മുക്കു മൂലകളിലേക്ക് കയറ്റി അയക്കപ്പെടുന്ന നമ്മുടെ ഉത്കൃഷ്ടമായ മനുഷ്യ വിഭവ ശേഷിയെ ഇനിയും സമ്പുഷ്ടമാക്കേണ്ടതുണ്ട. നമ്മുടെ വരും തലമുറകളെ പുതിയ സാഹചര്യങ്ങള്‍ക്കിണങ്ങും വിധം വാര്‍ത്തെടുക്കണം. വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റി തൊഴില്‍ നൈപുണ്യത്തിന് പ്രാധാന്യം കൊടുത്ത് അവരെ പ്രാപ്തരാക്കണം.

രാഷ്ട്രീയ അതിപ്രസരത്താല്‍ നമ്മുടെ ചിന്തകളും പ്രവൃത്തികളും വൃഥാവിലാകുന്ന അവസ്ഥയ്ക്ക് ഇനിയെങ്കിലും പരിഹാരം വേണം. അനാവശ്യ ചര്‍ച്ചകളില്‍ വ്യാപൃതരാവാന്‍ ജനങ്ങളെ കിട്ടില്ലെന്ന് രാഷ്ട്രീയ നേതൃത്വം മനസിലാവുന്ന അവസ്ഥ സംജാതമാവണം. വികസനം എന്നതായിരിക്കണം ഭരണ ലക്ഷ്യം. അതിന് കഴിവുള്ളവര്‍ അധികാരസ്ഥാനങ്ങളിലെത്തണം. കഴിവാണ് പ്രധാനം അല്ലാതെ ആസനത്തിലെ തഴമ്പല്ല എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും നമ്മുടെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം. ഇല്ലെങ്കില്‍ കാലം നിങ്ങളെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയുമെന്ന് അവര്‍ മനസിലാക്കട്ടെ.
തിളങ്ങട്ടെ കേരളം ഇനിയും നാള്‍ക്കുനാള്‍
വിളങ്ങട്ടെ നന്മകള്‍ നാടിനഭിവൃദ്ധിയും
നേരുന്നു ഞങ്ങള്‍ വീണ്ടുമൊരു
പിറവി തന്‍ മംഗള ഘോഷങ്ങള്‍

അഷറഫ് ചേരാപുരം
Share This Article
Leave a Comment
error: Content is protected !!