
കക്കുളത്ത് അബ്ദുല്‍ ഖാദര്‍ രാമന്തളി

ധൃതിയില്‍ ഉമ്മയുണ്ടാക്കി വിളമ്പി വെച്ച ചോറും അകത്താക്കി നേരെ പള്ളിയിലേക്ക് മുക്രിക്കാന്റെ കൂടെ കുറെ കാലം തുടര്‍ന്നു കൊണ്ടിരുന്നു. ശേഷം പ്രൈമറിയും സെക്കണ്ടറിയും പ്രിഡിഗ്രിയും കഴിഞ്ഞു ഡിഗ്രിക്കായി തലശ്ശേരിയിലെ ധര്‍മ്മടത്തുള്ള ഗവണ്മെണ്ട് ബ്രണ്ണന്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു. അങ്ങിനെയാണ് തലശ്ശേരിയുമായുള്ള ബന്ധം.

ആഴ്ച്ചയില്‍ രണ്ടു ദിവസത്തെ ലീവിന് വെള്ളിയാഴ്ച തന്നെ നാടണയും. ബസ്സ് യാത്രയില്‍ നോമ്പ് മുറി കണ്ണൂരിലും നോമ്പ് തുറ പയ്യന്നൂരിലും. താമസിച്ച ധര്‍മ്മടത്തെ സ്വകാര്യ ലോഡ്ജിന്നടുത്തും കോളേജിനടുത്തും സ്ഥിതി ചെയ്യുന്ന ഹോട്ടലുകളെ ഉച്ച ഭക്ഷണത്തിനു മാത്രമെ ആശ്രയിക്കാറുള്ളു. രാത്രിയാല്‍ ഭക്ഷണം കഞ്ഞിയില്‍ ഒതുക്കും (ഇതു പറഞ്ഞു തന്നതും പകര്‍ത്തിയതും സര്‍ സയ്യിദ് കോളേജില്‍ ബോട്ടണി വിഭാഗം തലവനും എന്റെ ക്ലാസ് മെയ്റ്റും റൂം മെയ്റ്റുമായ നീലേശ്വരക്കാരനായ അബ്ദുല്‍ കരീം ആയിരുന്നു).


എന്നാല്‍, നോമ്പ് ആരംഭിച്ചതോടെ നല്ലൊരു നോമ്പ് തുറക്ക് മനസ്സ് മന്ത്രിച്ചു. കരീം ഇല്ലാത്ത ദിവസം ഒറ്റയ്ക്ക് തന്നെ തലശ്ശേരിയിലേക്കുള്ള ബസ്സില്‍ കയറി ടൗണിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ജീവിതത്തില്‍ ആദ്യമായി കല്ലുമ്മക്കായ യുടെ രുചി ആസ്വദിച്ചു. പത്തിരിയും ഒപ്പം കഴിച്ചുവെങ്കിലും തേങ്ങപ്പാലിന്റെ അഭാവം അല്‍പം മനോവിഷമം ഉണ്ടാക്കി.
പിന്നീട് ഒരിക്കല്‍ സ്റ്റേഡിയം പള്ളിയില്‍ മഗ്‌രിബ് നമസ് കാരത്തിന് പങ്കെടുത്തപ്പോള്‍ അവിടെ കൂടിയവരെയൊക്കെ ചെറിയ മമ്മുക്കേയി സാഹിഖ് ദൂതന്‍ വഴി വീട്ടിലേക്ക് വിളിപ്പിക്കാറുണ്ട്. അന്ന് ഞാനും പെട്ടു. അവസരം പാഴാക്കരുതെന്ന് കരുതി ചടങ്ങില്‍ പങ്കെടുത്തു. ദിനംപ്രതി വ്യത്യസ്ഥ മേഖലയിലുള്ള പ്രധാനികളെയും സംഘടനാ പ്രവര്‍ത്തകരെയും മറ്റും വീട്ടിലേക്ക് ക്ഷണിച്ചു പായ വിരിച്ചിരുന്ന് വിഭവ സമൃദ്ധ്യമായ സമൂഹ നോമ്പ് തുറ സംഘടിപ്പിക്കുക പതിവാക്കിയ നേതാവു കൂടിയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് കാരണം കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ മകന്‍ എസ് എ പുതിയ വളപ്പില്‍ ഞാനും പ്രതിനിധാനം ചെയ്ത കണ്ണൂര്‍ ജില്ലാ എം എസ് എഫിന്റെ ഉപാധ്യക്ഷനായിരുന്നു.
പിന്നീട് പല തവണ തലശ്ശേരി റൂട്ടിലൂടെയുള്ള യാത്രാ നേരത്ത് കല്ലുമ്മക്കായയുടെ രുചി ആസ്വദിക്കാറുണ്ട്. അര നൂറ്റാണ്ട് പിന്നിട്ടിട്ടും അതിന്റെ രുചി വിട്ടു മാറുന്നില്ല. മറക്കാനാവാത്ത വല്ലാത്തൊരു രുചിയേറും ഭക്ഷ്യവസ്തു.

