
സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി പി എസ് ലേക്ഷോറിലെ വിദഗ്ധ സംഘം
കൊച്ചി: കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോള്‍ 24-കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ്. എന്നാല്‍ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നില്‍ ഒരു ചക്കയോളം വലിപ്പമുള്ള, നാല് കിലോഗ്രാം ഭാരമുള്ള കൂറ്റന്‍ കരള്‍ ട്യൂമറാണെന്ന് യുവാവ് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.

വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലെ കോംപ്രഹന്‍സിവ് ലിവര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹെപ്പറ്റോപാങ്ക്രിയാറ്റോബിലിയറി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഫദ്ല്‍ എച്ച് വീരാന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തത്. ഡോ. ജോണ്‍ മണിപ്പാടം, ഡോ. ഷഫീഖ്, ഡോ. അരവിന്ദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

യുവാവ് ആദ്യം വെല്ലൂരിലെ ഒരു ആശുപത്രിയിലാണ് ചികിത്സ തേടിയത്. അവിടെവെച്ച് കരളിലെ ട്യൂമറിന്റെ ബയോപ്‌സി ചെയ്തു. തുടര്‍ന്ന് സങ്കീര്‍ണ കരള്‍ രോഗങ്ങള്‍ക്ക് ലഭ്യമായ മികച്ച ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചും അന്വേഷിച്ചറിഞ്ഞ കുടുംബം കൊച്ചിയിലെ വി പി എസ് ലക്ഷ്‌ഷോര്‍ ആശുപത്രിയിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടുത്തെ കോംപ്രഹന്‍സിവ് ലിവര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യുവാവിനെ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കി.
ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം വൈദികനാകാന്‍ ആഗ്രഹിക്കുന്ന യുവാവിന് മറ്റ് ഗുരുതരമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസം മുന്‍പ് മാത്രമാണ് വയറില്‍ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുവാവില്‍ ഈ അര്‍ബുദ ട്യൂമര്‍ നിശബ്ദമായി വളരുകയായിരുന്നു എന്ന് പരിശോധനയില്‍ വ്യക്തമായി.
യുവാവില്‍ കണ്ടെത്തിയത് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ വിഭാഗത്തില്‍പ്പെടുന്ന ട്യൂമറാണെന്ന് ഡോ. ഫദ്ല്‍ എച്ച് വീരാന്‍കുട്ടി പറഞ്ഞു. ചെറുകുടലിന്റെ മുകള്‍ഭാഗത്ത് വെറും നാല് ഗ്രാം മാത്രം വലിപ്പത്തിലായിരുന്നു ഇതിന്റെ തുടക്കം. അവിടെനിന്നും ഇത് കരളിലേക്ക് പടരുകയായിരുന്നു. കുടലിലെ ട്യൂമര്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ കരളിലേക്ക് പടര്‍ന്ന ട്യൂമര്‍ വളര്‍ന്ന് നാല് കിലോഗ്രാം വലിപ്പത്തിലെത്തി.
ട്യൂമറിന്റെ വലിപ്പ കൂടുതല്‍ മാത്രമല്ല, പ്രധാന രക്തക്കുഴലുകളെയും മറ്റ് സുപ്രധാന ഭാഗങ്ങളെയും അമര്‍ത്തിക്കൊണ്ടാണ് ഇത് സ്ഥിതി ചെയ്തിരുന്നത് എന്നതും ശസ്ത്രക്രിയ ഏറെ സങ്കീര്‍ണ്ണമാക്കി.
പ്യുവര്‍ ആന്റീരിയര്‍ അപ്രോച്ച് എന്ന സംവിധാനം ഉപയോഗിച്ചാണ് ട്യൂമര്‍ നീക്കം ചെയ്തത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേക്ഷോറില്‍ നടത്തിയ അത്യാധുനിക റേഡിയോ ഐസോട്ടോപ്പ് അധിഷ്ഠിത സ്‌കാനിംഗിലൂടെയാണ് കുടലിലെ ട്യൂമര്‍ കൃത്യമായി കണ്ടെത്താനും തുടര്‍ന്നുള്ള ചികിത്സ ആസൂത്രണം ചെയ്യാനും സാധിച്ചതെന്ന് കോംപ്രഹന്‍സിവ് ലിവര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്‍സള്‍ട്ടന്റ് ഹെപ്പറ്റോളജിസ്റ്റ് ഡോ. വിഷ്ണു ഗിരീഷ് പറഞ്ഞു.
പ്രധാന രക്തക്കുഴലുകളെയും ചുറ്റുമുള്ള അവയവങ്ങളെയും ട്യൂമര്‍ അമര്‍ത്തിയത് ശസ്ത്രക്രിയ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കി. എങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിക്കുകയും ഒരു ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ സുഖം പ്രാപിച്ചു വരികയാണെന്നും ഡോ. വിഷ്ണു വ്യക്തമാക്കി.
ചില ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറുകള്‍ വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ എങ്ങനെ വലിയ നിലയില്‍ വളരാമെന്നതിന് ഉദാഹരണമാണ് ഈ കേസ് എന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഇവിടെ ചെറുകുടലിലെ പ്രാഥമിക ട്യൂമര്‍ വളരെ ചെറുതായി തുടര്‍ന്നപ്പോള്‍, കരളിലേക്ക് പടര്‍ന്ന ട്യൂമര്‍ വന്‍തോതില്‍ വളരുകയായിരുന്നു. വയറ്റില്‍ അസാധാരണമായ തടിപ്പോ വീക്കമോ ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ ഇമേജിംഗ് പരിശോധനകളും വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ സമന്വയിപ്പിച്ചുള്ള വിലയിരുത്തലും അനിവാര്യമാണെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നതെന്ന് ഡോ. വിഷ്ണു കൂട്ടിച്ചേര്‍ത്തു.

