

ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ സെപ്തംബര്‍ 25ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു മലയാളിയും ജനവിധി തേടുന്നു. തൃശൂര്‍ കണ്ടാണശ്ശേരി നമ്പഴിക്കാട് കടവന്നൂര്‍ പരേതനായ ചന്ദ്രമോഹന്റെ മകന് രഘുനാഥ് കടവന്നൂരാണ് ഇടതുപക്ഷ സഖ്യമായ സി ഡി യു എന്ന യുണിറ്ററി ഡെമോക്രാറ്റിക് കൊയലേഷനില് മത്സരിക്കുന്നത്.
പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പരിസ്ഥിതി സംരക്ഷണ പാര്‍ട്ടിയും (പി ഇ വി) ചേര്‍ന്ന് രൂപീകരിച്ച തെരഞ്ഞെടുപ്പ് സഖ്യമാണ് സി ഡി യു.

ലിസ്ബണിലെ കഥവാല്‍ മുനിസിപ്പാലിറ്റിയില്‍ വെര്‍മേല പഞ്ചായത്തിലെ താമസക്കാരനാണ് രഘുനാഥ്. പതിനൊന്ന് വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ എത്തിയതുമുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രഘുനാഥ് അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. യൂറോപ്പില്‍ വിദേശ തൊഴിലാളികള്‍ക്കുനേരെ സംഘടിത വംശീയ പാര്‍ട്ടികള്‍ ആക്രമണമഴിച്ചുവിട്ടതിനെ തുടര്‍ന്നാണ് രാജ്യത്തെ ഇടത് പ്രസ്ഥാനങ്ങള്‍ വിദേശത്തു നിന്ന് കുടിയേറി പോര്‍ച്ചുഗീസ് പൗരത്വം സ്വീകരിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ അവസരം നല്കാന് തീരുമാനിച്ചത്. രഘുനാഥ് ഉള്‍പ്പെടുന്ന പാനല്‍ വെര്‍മേല പഞ്ചായത്തിലേക്കും കഥവാല്‍ മുനിസിപ്പാലിറ്റി അസംബ്ലിയിലേക്കുമാണ് മത്സരിക്കുന്നത്.

ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയുള്ള രഘുനാഥ് ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായാണ് പോര്‍ച്ചുഗലിലെത്തിയത്. 2018ല്‍ സ്ഥാപനം നിര്‍ത്തിയതോടെ പ്രശസ്ത റസ്റ്റോറന്റില്‍ മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു.
വടക്കാഞ്ചേരി വ്യാസ കോളേജില്‍ പഠിച്ച രഘുനാഥ് കണ്ടാണശേരി പഞ്ചായത്തിലെ സി പി എം നമ്പഴിക്കാട് നോര്‍ത്ത് ബ്രാഞ്ചംഗം, ഡി വൈ എഫ് ഐ മേഖലാ ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പഠന കാലത്ത് നാടന്‍ പാട്ടുകളെക്കുറിച്ചും പൊറാട്ട് നാടകങ്ങളെ കുറിച്ചും അദ്ദേഹം ഗവേഷണം നടത്തിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യകാല പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായിരുന്നു രഘുനാഥിന്റെ പിതാവ് ചന്ദ്രമോഹന്. രമണിയാണ് മാതാവ്.

