

ദോഹ: ചിത്രകലയിലും ശില്‍പകലയിലും ഖത്തര്‍ മലയാളികള്‍ക്ക് അഭിമാനമാണ് രാമചന്ദ്രന്‍ ആര്‍ഷ. നിലവില്‍ ശൈഖ് അഹമ്മദ് ബിന്‍ ജാസിമിന്റെ പാലസില്‍ ആര്‍ട്ട് ടീം ലീഡറായി ജോലി ചെയ്യുന്ന രാമചന്ദ്രന്‍ ഖത്തര്‍ ആര്‍ട്ട് ഫാക്ടറിയില്‍ നടക്കുന്ന ഖത്തര്‍ അമീറിന്റെ പോര്‍ട്രയിറ്റ് എക്‌സിബിഷനില്‍ ഫൈനലിസ്റ്റായ സന്തോഷത്തിലാണ്.

ലോകത്താകമാനമുള്ള കലാകാരന്മാര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 51 പേര്‍ മാറ്റുരച്ച സെമി ഫൈനല്‍ മത്സരത്തില്‍ നിന്നാണ് ഏറ്റവും മികവുറ്റ 10 ചിത്രകാരന്മാരെ ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ഈ എക്‌സിബിഷനില്‍ ഖത്തര്‍ അമീറിന്റെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വരച്ചതും ഏറ്റവും വലിയ ചിത്രം വരച്ചതും രാമചന്ദ്രന്‍ ആര്‍ഷ തന്നെയാണ്. ഡിസംബര്‍ 21നാണ് ഫൈനല്‍.

വെങ്കലത്തില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അച്ഛന്‍ കൃഷ്ണന്‍ കുട്ടിയുടെ പ്രതിഭാ സ്പര്‍ശത്തിന്റെ നിരന്തര കാഴ്ചകള്‍ തന്നെയായിരുന്നു ശില്പ, ചിത്ര കലയില്‍ രാമചന്ദ്രന് താത്പര്യം രൂപപ്പെടുത്തിയ പ്രധാനവുമായ ഘടകം. യു പി തലത്തില്‍ ക്ലേ മോഡലിംഗിനും ചിത്രരചനക്കും സമ്മാനം ലഭിച്ച രാമചന്ദ്രനിലെ കലാകാരന് തളിര്‍ക്കാന്‍ അവസരമൊരുക്കിയത് പെരുമ്പള്ളി യു പി സ്‌കൂളിലെ പഠനകാലമായിരുന്നു. വൈലോപ്പള്ളി മാമ്പഴം എന്ന കവിത രചിച്ച മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയുടെ വകയായിരുന്ന, പിന്നീട് സര്‍ക്കാരിന് ദാനം ചെയ്ത മുളന്തുരുത്തി ഗവണ്മന്റ് ഹൈസ്‌കൂളിലാണ് പിന്നീട് രാമചന്ദ്രന്‍ പഠിച്ചത്. 89- 90 കാലങ്ങളില്‍ പള്ളിയുടെ മദ്ബഹയുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി അവിടെയുള്ള ചുമര്‍ചിത്രങ്ങള്‍ നവീകരിക്കുന്നത് കണ്ടാണ് മുഴുവന്‍ സമയ ചിത്രകാരനായി മാറണമെന്ന ആഗ്രഹത്തിലേക്കദ്ദേഹം എത്തിയത്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാനുള്ള യാത്രയുടെ ഭാഗമായി ഇന്ത്യയിലുടനീളം വിവിധ കമ്പനികളില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു. ചിത്രകലയോടൊപ്പം നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍ കൂടിയാണ് രാമചന്ദ്രന്‍. നാടക രചന, അഭിനയം, രംഗസംവിധാനം എന്നീ മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവര്‍ണ്ണ ജൂബിലി കലാജാഥയുടെ ഭാഗമായിരുന്നു.
ചിത്രകലാ പഠനത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പറഞ്ഞുകൊടുത്ത കൊച്ചിന്‍ നേവല്‍ ബേസ് ആര്‍ട്ടിസ്റ്റായ മോഹന്‍ ലയം, ചിത്രകലയില്‍ ഗൗരവ പരിശീലനം നല്‍കിയ തൃപ്പൂണിത്തുറ ചക്രപാണി മാഷ്, ഖത്തറിലെത്തുന്നതിന് സഹായിച്ച ചിത്രകലാധ്യാപകന്‍ കൂടിയായ ജിനദേവന്‍ മാഷ് എന്നിവരെല്ലാം വഴിയിലുയര്‍ന്ന് നില്‍ക്കുന്ന പ്രകാശ ഗോപുരങ്ങളാണ്. വാട്ടര്‍ കളര്‍ മാസ്റ്ററായ സുനിലിനെസ്‌ഡേയെ കണ്ടുമുട്ടിയതാണ് രാമചന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനോടൊപ്പം അവനവന്റെ മാനസിക സന്തോഷത്തിന് കൂടി സമയം കണ്ടെത്തണമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് രാമചന്ദ്രനെ മുഴുവന്‍ സമയ ചിത്രകാരനാക്കി മാറ്റിയത്.
ആദ്യ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കോട്ടക്കുന്നില്‍ ആര്‍ട്ട് വര്‍ക്ക് ചെയ്യുവാന്‍ ലഭിച്ച അവസരം, ബാംഗ്ലൂര്‍ ചിത്രകലാ പരിഷത്ത് ചിത്ര പ്രദര്‍ശനത്തില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം പങ്കെടുത്തത്, ഗോവയുള്‍പ്പടെയുള്ള പതിനഞ്ചോളം ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയിട്ടുള്ള ആര്‍ട്ട് എക്‌സിബിഷനുകള്‍, മല്‍ഖാ റൂഹിയുടെ ചികിത്സാ സഹായാര്‍ഥം സംസ്‌കൃതി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ഉള്‍പ്പെടെ ഖത്തറില്‍ സംഘടിപ്പിക്കപ്പെട്ട മൂന്ന് എക്‌സിബിഷനുകള്‍, ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഖത്തര്‍ റെഡ് ക്രസന്റ് നടത്തിയ ചിത്ര ലേലത്തില്‍ 1300 ഡോളറിന് ചിത്രം വിറ്റുപോയത് തുടങ്ങിയവയൊക്കെ രാമചന്ദ്രന്റെ സര്‍ഗ്ഗയാത്രക്കിടയില്‍ ലഭിച്ച അംഗീകാരങ്ങളാണ്.

