
ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതുക്കിയും പുഷ്പാര്‍ച്ചന നടത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുമാമയിലെ ഇന്‍കാസ് ഓഫീസില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഇന്ത്യയുടെ ആധുനികവത്ക്കരണത്തിനും സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും ശക്തമായ അടിത്തറ പാകിയ ദീര്‍ഘദര്‍ശിയായ നേതാവായിരുന്നു രാജീവ്ഗാന്ധിയെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ യുഗത്തിന്റെ ഈ കാലഘട്ടത്തില്‍ രാജ്യം കൈവരിച്ച സാങ്കേതിക വളര്‍ച്ചകളുടെയും ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെയും അടിസ്ഥാന ശില്പികളില്‍ ഒരാളായി രാജീവ് ഗാന്ധിയെ ചരിത്രം രേഖപ്പെടുത്തുന്നുവെന്നും യോഗം വിലയിരുത്തി.

കമ്പ്യൂട്ടറൈസേഷനും ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ നവീകരണങ്ങള്‍ക്കും അദ്ദേഹം നല്‍കിയ പ്രോത്സാഹനവും ശാസ്ത്ര- സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യയെ ലോകത്തിനൊപ്പമെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായി മാറിയെന്നും അനുസ്മരണ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
യുവജനങ്ങളുടെ ശക്തിയിലും പങ്കാളിത്തത്തിലും അതിയായ വിശ്വാസമര്‍പ്പിച്ച നേതാവായിരുന്നു രാജീവ് ഗാന്ധി. രാജ്യത്തിന്റെ ഭാവി യുവത്വത്തിന്റെ കരങ്ങളിലാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അധികാര വികേന്ദ്രീകരണത്തിനും ജനപങ്കാളിത്തത്തിനും നല്‍കിയ പ്രാധാന്യവും ഇന്നും പ്രസക്തമാണെന്ന് അനുസ്മരണ യോഗം വിലയിരുത്തി.
ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ദീഖ് പുറായില്‍ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അനുസ്മരണ പ്രഭാഷണം നടത്തി. രാജീവ് ഗാന്ധിയുടെ ദേശീയ കാഴ്ചപ്പാടുകളും ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. ഇന്‍കാസ് ഉപദേശക സമിതി അംഗം ബഷീര്‍ തുവാരിക്കല്‍, വൈസ് പ്രസിഡന്റുമാരായ അന്‍വര്‍ സാദത്ത്, അഷറഫ് വടകര, സെക്രട്ടറി ഷംസുദ്ദീന്‍ ഇസ്മയില്‍, സര്‍ജിത് എന്നിവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്‌റഫ് നന്മമുക്ക് നന്ദിയും രേഖപ്പെടുത്തി.

