Special
ഓരോ മണിക്കൂറിലും ഓരോ സാനിറ്ററി പാഡ്; ശരീരത്തിന് തളര്‍ച്ച, ബോധക്ഷയം: എ യു ബിയെ കുറിച്ച് കൂടുതല്‍ അറിയൂ

17കാരിയായ മീനുവിന് പീരിയഡ്‌സ് അഥവാ ആര്‍ത്തവ സമയം എന്നും പേടിസ്വപ്‌നമായിരുന്നു. ആദ്യമൊക്കെ അതികഠിനമായ വേദനയായിരുന്നു അവളെ അലട്ടിയിരുന്നത്. എന്നാല്‍ അടുത്തിടെയായി കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ആര്‍ത്തവ സമയത്ത് ഓരോ മണിക്കൂറിലും പാഡുകള്‍ മാറ്റേണ്ട അവസ്ഥയിലേക്ക് അവളെത്തി. അതിരൂക്ഷമായ ബ്ലീഡിങ് ആയിരുന്നു പ്രശ്‌നം. ഇതിനുപുറമേ നിരന്തരമായ ക്ഷീണവും തളര്‍ച്ചയും.


ആദ്യമൊക്കെ കാര്യങ്ങള്‍ ആരോടും പറയാതെ അവള്‍ മറച്ചുവച്ചു. ഒടുവില്‍ അമ്മയോട് കാര്യങ്ങള്‍ വെളിപ്പെടുത്തി. പക്ഷേ സ്ത്രീകള്‍ക്ക് അത് സാധാരണമാണ് എന്ന് പറഞ്ഞ് അമ്മ അത് തള്ളിക്കളഞ്ഞു. മാസങ്ങള്‍ കടന്നുപോയി. ഓരോ മാസം തോറും അവളുടെ അവസ്ഥ രൂക്ഷമായി വന്നു. ഒടുവില്‍ ഒരുനാള്‍ ബോധരഹിതയായി നിലത്തുവീണു. ഭയന്നുപോയ വീട്ടുകാര്‍ അവളെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം ആണ് മീനുവിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്ന് ഡോക്ടര്‍ അമ്മയെ അറിയിച്ചു. എന്നാല്‍ ഭയക്കേണ്ടതില്ലെന്നും അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവം (Abnormal uterine bleeding-AUB) എന്ന ഒരു അവസ്ഥയാണ് ഇതെന്നും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും എന്നുമുള്ള ഡോക്ടറുടെ വാക്കുകള്‍ അമ്മയ്ക്ക് ആശ്വാസമായി.

എന്താണ് എയുബി (Abnormal Uterine Bleeding)


ആര്‍ത്തവ സമയത്ത് ഓരോ സ്ത്രീക്കും അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് നേരിയ വേദന പോലും അനുഭവപ്പെടാതെ ആര്‍ത്തവ സമയം കടന്നു പോകാറുണ്ട്. എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം ആര്‍ത്തവം അവര്‍ക്ക് ഒരു പേടി സ്വപ്‌നമാണ്. ആ സമയത്ത് നേരിടേണ്ടിവരുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് കാരണം. ഇത്തരം ബുദ്ധിമുട്ടുകളില്‍ ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് എ യു ബിയെ സൂചിപ്പിക്കുന്നു.
ഒരു സാധാരണ ആര്‍ത്തവചക്രത്തിന് പുറത്ത് സംഭവിക്കുന്ന യോനിയില്‍ നിന്നുള്ള രക്തസ്രാവമാണ് എ യു ബി. ഇത് ക്രമരഹിതവും വലിയ അളവില്‍ രക്തം പുറത്തേക്ക് പോകുന്നതും സാധാരണ ആര്‍ത്തവ ദിനങ്ങളെക്കാള്‍ ദൈര്‍ഘ്യമേറിയതും ആകും.
ആര്‍ത്തവത്തിനിടയിലോ ലൈംഗിക ബന്ധത്തിന് ശേഷമോ സ്‌പോട്ടിംഗ് അല്ലെങ്കില്‍ രക്തസ്രാവം ഉണ്ടാവുന്നതും എ യു ബിയുടെ ലക്ഷണമാവാം. അമിത രക്തസ്രാവം മൂലം മണിക്കൂറുകള്‍ ഇടവിട്ട് രാത്രിയില്‍ പോലും സാനിറ്ററി പാഡുകള്‍ മാറ്റേണ്ട അവസ്ഥ വന്നേക്കാം. ആര്‍ത്തവ വിരാമത്തിനു ശേഷം ഉണ്ടാകുന്ന യോനിയില്‍ നിന്നുള്ള രക്തസ്രാവമാണ് പോസ്റ്റ്മെനോപോസല്‍ രക്തസ്രാവം (പി എം ബി). ഇത് പ്രത്യുല്‍പാദന ഹോര്‍മോണുകളുടെ സ്വാഭാവിക തകര്‍ച്ചയാണ്. ഇതും അസാധാരണമായി കണക്കാക്കപ്പെടുന്നു, അതിനാല്‍ ഇത്തരം ഒരു അവസ്ഥ ഉണ്ടായാലും ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.
എ യു ബിയുടെ കാരണങ്ങള്‍:
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ മൂലം എ യു ബി ഉണ്ടാകാം. ഈസ്ട്രജനും പ്രൊജസ്‌ട്രോണും തമ്മിലുള്ള അസന്തുലിതാവസ്ഥ, അണ്ഡോത്പാദന തകരാറുകള്‍, ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ (ഗര്‍ഭാശയ ഭിത്തിയിലെ മസ്‌കുലര്‍ ടിഷ്യുവില്‍ നിന്ന് രൂപപ്പെടുന്ന ക്യാന്‍സര്‍ അല്ലാത്ത മുഴകളാണ് ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍), രക്തസ്രാവം, പി സി ഒ എസ്, അമിതവണ്ണം, തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. കൗമാരക്കാര്‍, ആര്‍ത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകള്‍, അമിതഭാരമുള്ള സ്ത്രീകള്‍ എന്നിവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചില കേസുകളില്‍ ഗര്‍ഭാശയ കാന്‍സറും ഒരു കാരണമാകാറുണ്ട്.
രോഗനിര്‍ണയം:
എ യു ബി രോഗനിര്‍ണ്ണയത്തില്‍, മെഡിക്കല്‍ ഹിസ്റ്ററി വിലയിരുത്തല്‍ ആണ് പ്രധാനം. കൂടാതെ രക്ത പരിശോധനയിലൂടെ അനീമിയ, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കും. ഫൈബ്രോയ്ഡുകളുടെ സാന്നിധ്യം കണ്ടെത്താന്‍ ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തും. ക്യാന്‍സര്‍ സാധ്യത പരിശോധിക്കുന്നതിനായി ബയോപ്‌സിയെയും ആശ്രയിക്കും.
ചികിത്സ:
എ യു ബിയുടെ കാരണവും കാഠിന്യവും അനുസരിച്ച് ചികിത്സാ രീതികള്‍ വ്യത്യാസപ്പെടുന്നു. കൂടാതെ രോഗിയുടെ പ്രായം, ഗര്‍ഭധാരണത്തിനായി ഒരുങ്ങുന്നവരാണോ എന്നീ ഘടകങ്ങളെ എല്ലാം ആശ്രയിച്ച് ആയിരിക്കും ചികിത്സ.
മരുന്നുകള്‍:
നോണ്‍- സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ (NSAIDs) പോലുള്ള മരുന്നുകള്‍ക്ക് വേദന ലഘൂകരിക്കാനും രക്തസ്രാവം കുറയ്ക്കാനും കഴിയും. സംയോജിത ഹോര്‍മോണ്‍ ഗുളികകള്‍ ആര്‍ത്തവചക്രം നിയന്ത്രിക്കും. ട്രാനെക്‌സാമിക് ആസിഡ് അമിത രക്തസ്രാവം കുറയ്ക്കും. പക്ഷേ ഈ മാര്‍ഗ്ഗങ്ങളെല്ലാം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ സ്വീകരിക്കാവൂ. പോളിപ്‌സ് അല്ലെങ്കില്‍ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഹിസ്റ്ററോസ്‌കോപ്പി, എന്‍ഡോമെട്രിയല്‍ അബ്ലേഷന്‍, പ്രോജസ്റ്ററോണ്‍ പുറത്തുവിടുന്ന ഗര്‍ഭാശയ ഉപകരണങ്ങള്‍ (ഐ യു ഡി) ഉള്‍പ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ ഗര്‍ഭാശയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളും ആവശ്യമെങ്കില്‍ നടത്തിവരാറുണ്ട്.
ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍:
ഗര്‍ഭാശയ ഫൈബ്രോയ്ഡ് എംബോളൈസേഷന്‍ എന്ന പ്രോസിജിയര്‍, എ യു ബിയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തിവരുന്ന പ്രധാന ശസ്ത്രക്രിയകളായ ഗര്‍ഭപാത്രം സംരക്ഷിക്കുന്ന സമയത്ത് ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യുന്ന മയോമെക്ടമി, മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും വിജയിക്കുന്നില്ല എങ്കില്‍ അവസാന മാര്‍ഗ്ഗമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും നടത്താറുണ്ട്.
മീനു കടന്നുപോയ അവസ്ഥകളിലൂടെ കടന്നു പോകുന്ന നിരവധിപേര്‍ നമുക്കിടയില്‍ ഉണ്ട്. അറിവില്ലായ്മയും അപമാനവും ഭയന്ന് നിരവധി പേര്‍ നിശബ്ദത പാലിക്കുന്നുണ്ട്. എന്നാല്‍ തുറന്ന ആശയവിനിമയത്തിലൂടെ മാത്രമേ ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കാന്‍ സാധിക്കു. ആര്‍ത്തവ ചക്രത്തെ കുറിച്ചുള്ള അറിവ് പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടതും കുടുംബങ്ങളിലും സമൂഹങ്ങളിലും ആര്‍ത്തവ ആരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും വിളര്‍ച്ച പോലുള്ള സങ്കീര്‍ണതകള്‍ തടയുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. അതിനാല്‍, സഹായം തേടുന്നതില്‍ ലജ്ജയോ മടിയോ അറിവില്ലായ്മയോ തടസ്സമാകരുത്. കൃത്യസമയത്ത് വൈദ്യസഹായം തേടുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യണം
ഡോ. ടീന ആനി ജോയ്
(സീനിയര്‍ കണ്‍സള്‍ട്ടന്റ്- ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി)


