

ദോഹ: സാംസ്‌കാരിക പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും നീണ്ടനിരയുമായി ഖത്തര്‍ നാളെ ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി. ദര്‍ബ് അല്‍ സായി, കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ കത്താറ, ഓള്‍ഡ് ദോഹ തുറമുഖം, മ്‌ഷൈറബ് ഡൗണ്‍ടൗണ്‍ ദോഹ, ഏഷ്യന്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് ദേശീയ ദിന പരിപാടികള്‍ അരങ്ങേറുന്നത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും പരിപാടികളിലൂടെയും ദേശീയ അസ്ഥിത്വവും ആധികാരിക ഖത്തറി മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക, നിലവിലെ തലമുറകളും അവരുടെ പൂര്‍വ്വികരുടെ പൈതൃകവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പരിപാടികള്‍ ലക്ഷ്യമിടുന്നത്.

ഖത്തറി സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന ചടുലമായ അന്തരീക്ഷത്തിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്ന നിരവധി സാംസ്‌കാരിക, പൈതൃക പരിപാടികള്‍ ദര്‍ബ് അല്‍ സായി വാഗ്ദാനം ചെയ്യുന്നു.
ഖത്തരി ഹൗസ്, മെയിന്‍ തിയേറ്റര്‍, ലിവാന്‍ അല്‍ ഫാന്‍, അല്‍ ബിദ്ദ, അല്‍ മക്തര്‍, അല്‍ എസ്ബ, അല്‍ ഷഖാബ്, ദര്‍ബ് അല്‍ സായി ട്രാക്ക്, അല്‍ മീസിര്‍, പപ്പറ്റ് തിയേറ്റര്‍, ഡെസേര്‍ട്ട് മ്യൂസിയം, ഖത്തരി നോട്ട് മ്യൂസിയം, ഖത്തര്‍ റീഡ്‌സ്, ഇന്ററാക്ടീവ് എന്നിവയാണ് പ്രവര്‍ത്തനങ്ങളും പരിപാടികളും.
കത്താറ കോര്‍ണിഷില്‍ ഡിസംബര്‍ 18 വരെ പരിപാടികള്‍ നടക്കും. സംഗീത പ്രകടനങ്ങള്‍, പരമ്പരാഗത ഖത്തരി ‘അര്‍ദ’ നൃത്തം, മിലിട്ടറി പരേഡ് സെന്ററുമായി സഹകരിച്ച് ഖത്തര്‍ സായുധ സേനയുടെ പ്രദര്‍ശനം, പ്രാദേശിക കലാ- സംഗീത പ്രതിഭകള്‍ അവതരിപ്പിക്കുന്ന തെരുവ് കലാമേള തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
സന്ദര്‍ശകര്‍ക്ക് ഫാല്‍ക്കണ്‍റി ഡിസ്‌പ്ലേകള്‍, സലൂക്കി റേസിംഗ്, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ഖത്തറിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനം എന്നിവയും പരമ്പരാഗത ഉത്പന്നങ്ങളും വിഭവങ്ങളും പ്രദര്‍ശിപ്പിക്കുന്ന പ്രാദേശിക കുടുംബങ്ങളുടെ പങ്കാളിത്തം തുടങ്ങിയവയും ആസ്വദിക്കാം.
ഖത്തര്‍ ദേശീയ ദിനത്തിന്റെ അവിസ്മരണീയമായ ആഘോഷത്തിനായി ഓള്‍ഡ് ദോഹ തുറമുഖവും ഒരുങ്ങി.
ഖത്തറി സംഗീതത്തിന്റെ സമ്പന്നമായ അന്തരീക്ഷത്തില്‍ തുറമുഖത്ത് പരമ്പരാഗത ബാന്‍ഡിന്റെ തത്സമയ പ്രകടനത്തോടെ ആഘോഷങ്ങള്‍ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കും. വൈകുന്നേരം മുഴുവന്‍ സജീവമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ബാന്‍ഡ് രാത്രി 10 വരെ അവതരിപ്പിക്കും.
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ ദര്‍ശനപരമായ നേതൃത്വത്തിനുള്ള സ്മരണീയമായ ആദരാഞ്ജലിയായി ‘ഓഡ് ടു ഔവര്‍ ലാന്‍ഡ്’ എന്ന ഡോക്യുമെന്ററി ദോഹ മ്‌ഷെരീബ് ഡൗണ്‍ടൗണ്‍ ദോഹയില്‍ വൈകിട്ട് മൂന്ന്ിന് പ്രദര്‍ശിപ്പിക്കും.
വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട് ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒന്‍പത് വരെ കമ്മ്യൂണിറ്റികള്‍ക്കായി രണ്ട് മെഗാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
ആദ്യ പരിപാടി ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഏരിയയിലും രണ്ടാമത്തേത് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെയുമാണ് നടക്കുക.

