ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: കേരളത്തില്‍ ഏപ്രില്‍ 26ന്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന്

Web Desk
2 Min Read

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു. വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ പങ്കെടുത്തു.

city exchange

ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതിയും പ്രഖ്യാപിച്ചു. 26 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഈ ഘട്ടങ്ങളില്‍ നടക്കും. എന്നാല്‍ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കില്ല. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും.

ഏപ്രില്‍ 26നാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്. ഏപ്രില്‍ 19നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. കേരളം ഉള്‍പ്പെടുന്ന രണ്ടാംഘട്ടമായ ഏപ്രില്‍ 26നും നടക്കും. മെയ് ഏഴിന് മൂന്നാംഘട്ടവും മെയ് 13ന് നാലാംഘട്ടവും മെയ് 20ന് അഞ്ചാം ഘട്ടവും മെയ് 25ന് ആറാം ഘട്ടവും ജൂണ്‍ ഒന്നിന് ഏഴാം ഘട്ടവും നടക്കും.

കേരളം ഉള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശ്, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടങ്ങളിലും വോട്ടെടുപ്പുണ്ട്. 543 ലോക്‌സഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

- Advertisement -
Ad image

നിലവിലുള്ള ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16നാണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

സിക്കിമില്‍ ഏപ്രില്‍ 19നും ഒഡീഷ, അരുണാചല്‍ പ്രദേശ്, ആന്ധ്ര എന്നിവിടങ്ങളില്‍ മെയ് 13നും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഒഡീഷയില്‍ രണ്ടു ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

കേരളത്തില്‍ പത്രിക സമര്‍പ്പണം ഏപ്രില്‍ നാലിനും സൂക്ഷ്മ പരിശോധന ഏപ്രില്‍ എട്ടിനും നടക്കും.

ഇന്ത്യയിലെ ആകെ വോട്ടര്‍മാര്‍ 96.8 കോടി പേരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് 49.7 കോടി പുരുഷന്‍മാരും 47.1 കോടി സ്ത്രീകളുമാണ് വോട്ടമാരായി ഉള്ളത്. 1.5 കോടി ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടാവുക. 10.5 കോടി പോളിങ്ങ് സ്റ്റേഷനുകളാണ് രാജ്യത്താകെ തയ്യാറാക്കുക. 1.82 കോടി പുതിയ വോട്ടമാരാണുള്ളത്. തെരഞ്ഞെടുപ്പിനായി 55 ലക്ഷം വോട്ടിങ്ങ് മെഷീനുകളും തയ്യാറാണെന്ന് കമ്മീഷന്‍ അറിയിച്ചു. 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. പെരുമാറ്റ ചട്ട ലംഘനവും മറ്റുള്ള നിയമലംഘനങ്ങളും തടയാന്‍ 2100 തെരഞ്ഞെടുപ്പ് നിരീക്ഷകരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു.

12 സംസ്ഥാനങ്ങളില്‍ പുരുഷന്മാരേക്കാള്‍ വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 82 ലക്ഷം വോട്ടര്‍മാരും നൂുറു വയസ്സിന് മുകളില്‍ പ്രായമുള്ള 2.18 ലക്ഷം വോട്ടര്‍മാരുമുണ്ട്.

ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. കരാര്‍ ജോലിക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കില്ല.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. താര പ്രചാരകര്‍ പരിധി വിടരുത്. ജാതിയും മതവും ഉപയോഗപ്പെടുത്തരുത്. പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്. എതിരാളികളെ അധിക്ഷേപിക്കുന്ന പോസ്റ്ററുകള്‍ പ്രചരിപ്പിക്കരുത്. പരസ്യങ്ങള്‍ വാര്‍ത്തയായി അവതരിപ്പിക്കരുത്, ഭിന്നശേഷിക്കാരോടുള്ള വോട്ട് പ്രചാരണത്തില്‍ മാന്യത പുലര്‍ത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!