
ഗുവാഹത്തി: ബ്രഹ്മപുത്ര നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി. ഏതാനും പേര്‍ മരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ വലിവരം പുറത്തുവന്നിട്ടില്ല. ഗുവാഹതിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹിത്തിലാണ് അപകടമുണ്ടായത്.
യാത്രക്കാരുമായി പോവുകയായിരുന്ന രണ്ടു ബോട്ടുകള്‍ തമ്മില്‍ ഇന്ന് വൈകിട്ട് നാലരയോടെ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ബോട്ടുകളിലുമായി 120 യാത്രക്കാരുണ്ടായിരുന്നതായാണ് ഏകദേശ കണക്ക്.

നീമാട്ടിഘട്ടില്‍ നിന്നും മജൂലി ദ്വീപിലേക്ക് പോവുകയായിരുന്ന മാ കമല ബോട്ടും മജുലിയില്‍ നിന്നും നീമാട്ടിഘട്ടിലേക്ക് പോവുകയായിരുന്ന ഫെറി ത്രിപ്‌കൈയും തമ്മിലാണ് കൂട്ടിയിടിച്ചത്.
മുപ്പതോളം പേര്‍ നീന്തി രക്ഷപ്പെട്ടതായി പറയപ്പെടുന്നുണ്ട്.

85 യാത്രക്കാരും 10 വാഹനങ്ങളുമാണ് മാ കമലയിലുണ്ടായിരുന്നത്. ഒരു വനിതയേയും രണ്ട് മാസം പ്രായമായ ഒരു കുഞ്ഞിനേയും ഉള്‍പ്പെടെ 25 പേരെ ഇതില്‍ നിന്നും രക്ഷപ്പെടുത്തി ജോര്‍ഹിത്തി മെഡിക്കല്‍ കോളജിലെത്തിച്ചു. അപകടത്തില്‍ രക്ഷപ്പെടുത്തിയ ഒരു സ്ത്രീ ആശുപത്രിയില്‍ മരിച്ചയായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ ബോട്ടിലുണ്ടായിരുന്ന 60 പേരെയെങ്കിലും കാണാതായതായി അധികൃതര്‍ പറയുന്നു.

സംസ്ഥാന ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
അപകടത്തില്‍പ്പെട്ട ബോട്ടുകളിലൊന്ന് തലകീഴായ അവസ്ഥയിലാണെന്നും ശക്തമായ ഒഴുക്കുള്ളതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ബോട്ടിനകത്ത് എത്തിച്ചേരാനാകുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ബോട്ട് മുറിച്ചു മാറ്റി പരിശോധന നടത്താനുള്ള നടപടികളും പുരഗോമിക്കുന്നുണ്ട്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചെന്നും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
അസമിലെ ബോട്ട് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും എല്ലാവരുടേയും സുരക്ഷിതത്വത്തിനായി പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


