
ആശങ്ക ഇല്ലാതാകുന്നു; ഉറവിടമറിയാന്‍ കൂടുതല്‍
പരിശോധന
കോഴിക്കോട്: നിപ ഭീതിക്ക് ആശ്വാസം പകര്‍ന്ന് കൂടുതല്‍ പരിശോധനാഫലങ്ങള്‍. ഇന്നലെ 36 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ചൊവ്വാഴ്ച പത്ത് പേരുടെ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മരിച്ചകുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 46 പേരും നെഗറ്റീവായതായും ഇത് നിലവിലെ സാഹചര്യത്തില്‍ വലിയ ആശ്വാസമാണെന്നും മന്ത്രി വീണാ ജോര്‍ജ് കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം രാവിലെയും വൈകുന്നേരത്തോടെ 16 പേരുടെയും ഫലവും വന്നു. ആശങ്ക ഒഴിഞ്ഞതോടെ ജില്ലയിലെ നിപ കണ്ടയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ വാക്സിനേഷന്‍ നാളെ മുതല്‍ പുനരാരംഭിക്കും.

നിലവില്‍ 265 പേരാണ് സമ്പര്‍ട്ടപട്ടികയിലുള്ളത്. എട്ടുപേരെ കൂടി ഇന്നലെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇതില്‍ 12 പേര്‍ക്ക് പനി ലക്ഷണങ്ങളുണ്ട്. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. അതേസമയം സ്രോതസ് കണ്ടെത്താന്‍ മൃഗസംരക്ഷണവകുപ്പ് ശേഖരിച്ച അഞ്ച് സാംപിളുകള്‍ പരിശോധനക്കയക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ സംസ്ഥാനത്ത് നിപ ഭീതി കുറഞ്ഞതായും അതേസമയം പ്രതിരോധ നടപടികള്‍ തുടര്‍ ദിവസങ്ങള്‍ കൂടി മുന്നില്‍ കണ്ട് ശക്തിപ്പെടുത്താനും വിദഗ്ധ സംഘം ഉള്‍പ്പെട്ട അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. വിവിധ വകുപ്പുകളെ കൂട്ടിയിണക്കി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഏഴ് മുതല്‍ 14 ദിവസമാണ് ഇന്‍കുബേഷന്‍ പിരീഡ് എന്നാണ് കണക്ക്. ആഗസ്ത് 29 നാണ് മരിച്ച കുട്ടി ആദ്യമായി ആശുപത്രിയില്‍ എത്തുന്നത് എന്നതിനാല്‍ രണ്ടാഴ്ച കൂടി ജാഗ്രത പുലര്‍ത്തണം.

കൂടുതല്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയത് ആശ്വാസകരമാണ്. പ്രതിരോധ നടപടികള്‍ തുടരും. കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത് നേട്ടമായെന്ന് യോഗം വിലയിരുത്തി. വിവിധ വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ രോഗ ഉറവിടത്തെകുറിച്ച് പ്രാഥമിക സൂചനമാത്രമാണ് ഉള്ളത്. ഇത് ക്രോഡീകരിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തും. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ പട്ടികയിലുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്.

രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൂടുതല്‍ നെഗറ്റീവ് ഫലങ്ങള്‍ വന്നശേഷം മന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. നിപ രോഗികളുടെ പരിചരണവും ചികിത്സയും സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് കൂടി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് അതാത് ദിവസങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചയോടെ മെഡിക്കല്‍ കോളജിലും യോഗം ചേര്‍ന്നിരുന്നു. കോളജിലെ നിപ ലാബുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. പൂനെ, എന്‍ ഐ വി ആലപ്പുഴ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുമായും മന്ത്രിചര്‍ച്ച നടത്തി.


