

കൊച്ചി: സമുദ്രോത്പന്ന സംസ്കരണ മേഖലക്ക് ഊന്നല്‍ നല്കുന്ന കാര്യത്തില്‍ പ്രതിജ്ഞാ ബദ്ധമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക ഭക്ഷ്യസംസ്കരണ മേഖലയില്‍ കേരളത്തിന്റെ സാന്നിധ്യം നല്ല ീതിയില്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പള്ളുരുത്തിയില്‍ ചോയ്സ് കാനിംഗ് കമ്പനി വാല്യൂ ഇന്നൊവേഷന് ഡിവിഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമുദ്ര തീരവുമായി ബന്ധപ്പെട്ട് നമ്മുടെ സംസ്ഥാനത്തിന്റെ രണ്ടുലക്ഷത്തി പതിനെട്ടായിരം ചതുരശ്ര കിലോമീറ്റര്‍ പ്രത്യേക സാമ്പത്തിക മേഖലയാണ്. പ്രതിവര്‍ഷം ഒരു ലക്ഷത്തി അമ്പതിനായിരം ടണ്‍ സമുദ്രോത്പന്നങ്ങളാണ് കേരളം കയറ്റുമതി ചെയ്യുന്നത്. സമുദ്രോത്പന്ന കയറ്റുമതിയിലെ ഒന്നാം സ്ഥാനം നാം ഇപ്പോള്‍ തിരിച്ച് പിടിച്ചിരിക്കുകയുമാണ്. രാജ്യത്തെ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയില്‍ സംസ്ഥാനത്തിന്റെ പങ്ക് 14 ശതമാനമാണ്. ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ചോയിസ് കാനിംഗ് കമ്പനി പുലര്‍ത്തുന്നത്. ഇനിയും കൂടുതല്‍ ഇതുപോലുള്ള സംരംഭങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വ്യവസായ മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ നൂറുശതമാനവും സ്ത്രീ തൊഴിലാളികളാണെന്നതില്‍ പ്രത്യേകം അഭിന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. വേണ്ടത്ര അസംസ്കൃത വസ്തുക്കള്‍ സംസ്ഥാനത്ത് ലഭ്യമല്ല എന്നത് വലിയ കുറവാണെങ്കിലും വാല്യൂ എഡിഷന്റെ കാര്യത്തില്‍ ക്രിയാത്്മക മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു.
ചോയ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോസ് തോമസ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, ഹൈബി ഈഡന് എം പി, എ എം ആരിഫ് എം പി, കെ ജെ മാക്സി എം എല്‍ എ, കെ ബാബു എം എല്‍ എ, കൗണ്‍സിലര്‍ ലൈലാ ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി അക്വാകള്‍ച്ചറിലും ചെമ്മീന്‍ സംസ്ക്കരണത്തിലും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ചോയ്സ് ഗ്രൂപ്പിന്റെ ചോയ്സ് കാനിംഗ് കമ്പനി. ഗുണനിലവാരവും പുതുമയും കാത്തുസൂക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും മികച്ച പ്രതിബദ്ധത സൂക്ഷിക്കുന്ന ചോയ്സ് ഗ്രൂപ്പ് അക്വാകള്‍ച്ചര്‍ വ്യവസായത്തില്‍ വിപ്ലവമാണ് സൃഷ്ടിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യ, മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവ ചോയ്സ് ഗ്രൂപ്പിന് ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലെ മികവും പ്രശസ്തിയും നേടിക്കൊടുത്തു. സംസ്കരിച്ച ചെമ്മീന്‍, അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷണ കിറ്റുകള്‍, ഷിപ്പിംഗ്, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം, ഐ ടി സേവനങ്ങള്‍, ലോകോത്തര സ്കൂളുകള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ലോകമെമ്പാടും ഓഫീസുകളുള്ള വൈവിധ്യപൂര്‍ണ്ണമായ കൂട്ടായ്മയാണ് ചോയ്സ് ഗ്രൂപ്പ്.
കൊച്ചിയിലുള്ള ചോയ്സ് കാനിംഗ് കമ്പനിയുടെ വാല്യൂ ഇന്നൊവേഷന് ഡിവിഷന് സമുദ്രോത്പന്ന വ്യവസായത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നു. ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ഉപയോഗിച്ച് ബ്രെഡ് ചെമ്മീന്‍ ഉത്പന്നങ്ങള്‍ വാല്യു ഇന്നൊവേഷന് ഡിവിഷന് പുറത്തിറക്കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ടേസ്റ്റി ചോയ്സ് റീട്ടെയില്‍ ബ്രാന്‍ഡ് ഉള്ള ഏക ഏഷ്യന്‍ കമ്പനിയാണ് ചോയ്സ് കാനിംഗ് കമ്പനി. സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം നേടുന്നതിന് സ്ത്രീകളെ ശാക്തീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ചോയ്സ് എല്ലാ മേഖലകളിലും നിയമിക്കുന്നത് ഭൂരിപക്ഷം സ്ത്രീകളെയാണ്. ചോയ്സ് മൂന്ന് ദശലക്ഷം മനുഷ്യ മണിക്കൂര്‍ തൊഴില്‍ നല്കുന്നു.
ഓരോ ജീവനക്കാരനും നിര്‍ണായകവും കമ്പനിയുടെ വിജയഗാഥയുടെ ഭാഗവുമാണെന്ന് കമ്പനി വിശ്വസിക്കുന്നതിനാല്‍ ‘തൊഴിലാളികള്‍’ എന്നതിന് പകരം ‘അസോസിയേറ്റ്സ്’ എന്ന പദമാണ് ഉപയോഗിക്കുന്നത്. വിയറ്റ്നാമില്‍ നിന്നുള്ളവര്‍ അസോസിയേറ്റ്സിന് പരിശീലനം നല്‍കുകയും വൈദഗ്ധ്യം നേടുകയും ചെയ്തിട്ടുണ്ട്. വാല്യൂ ഇന്നൊവേഷന് ഡിവിഷന് ആദ്യ വര്‍ഷം തന്നെ 500 കോടി വിറ്റുവരവ് കടന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്.

