

രാജ്യം ഞെട്ടിയ ദിനമാണ് ഒക്ടോബര്‍ 31. പ്രിയങ്കരിയായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനി വെടിയുണ്ടയ്ക്ക് ഇരയാക്കപ്പെട്ടപ്പോള്‍ ഞെട്ടിയത് രാജ്യം മാത്രമല്ല, ലോകവുമായിരുന്നു.

ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളെ തന്റെ ധീരമായ നടപടികളിലൂടെ ഇന്ദിരാഗാന്ധി എളുപ്പമാക്കിയിട്ടുണ്ട്.
അതിലൊന്നായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. ഖലിസ്ഥാന്‍ എന്ന രാജ്യത്തിനായി മുറവിളി കൂട്ടിയവര്‍ സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ തമ്പടിച്ച് ഭീകരവാദങ്ങളും തീവ്രവാദങ്ങളും നടത്തി ഭിദ്രന്‍വാലെയുടെ നേതൃത്വത്തില്‍ ഭരണകൂടത്തിനെതിരെ വെല്ലുവിളിയായപ്പോള്‍ അത് മുളയിലെതന്നെ നുള്ളിക്കളയേണ്ടതിന്റെ ആവശ്യകത വ്യക്തമായും ഇന്ദിരാജിക്ക് മനസ്സിലായതുകൊണ്ടാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തേണ്ടി വന്നത്.

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഒരു ശക്തിയേയും അനുവദിക്കില്ലെന്ന മറ്റുള്ളവര്‍ക്കുമുള്ള മുന്നറിയിപ്പുമായിരുന്നു അത്. അന്നത് ഇന്ദിരാജിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണതെങ്കിലും സ്വന്തം ജീവന്‍ നല്‍കേണ്ടിവന്നു ഇന്ദിരാജിക്ക്.
ഇന്ത്യയുടെ അഞ്ചാമത്തെയും ആദ്യ വനിതാ പ്രധാനമന്ത്രിയും ആയിരുന്നു ഇന്ദിരാഗാന്ധി. നാലുതവണയായി പതിനഞ്ച് വര്‍ഷത്തോളം പ്രധാനമന്ത്രിപദം അലങ്കരിച്ച ഇന്ദിരാജി നെഹ്‌റുവിനുശേഷം കൂടുതല്‍കാലം പ്രധാനമന്ത്രിയായി ഭരണം നിര്‍വ്വഹിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്സ് പ്രസിഡന്റാവുകയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മന്ത്രസഭയില്‍ കേന്ദ്രമന്ത്രിയാവുകയും ചെയ്തിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ ഭരണ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ നടപടിയായിരൂന്നു 1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാന്റെ വിസ്തൃതി ഭാവിയില്‍ ഇന്ത്യക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ ഇന്ദിരാജി പാകിസ്ഥാന്റെ കിഴക്കന്‍ പ്രവശ്യയില്‍ ബംഗ്ലാദേശ് എന്ന രാജ്യത്തിനായി പോരാടുന്ന മുജീബുറഹ്മാന്റെ നേതൃത്വത്തിലുള്ള സംഘടക്ക് എല്ലാവിധ സഹായങ്ങള്‍ നല്‍കുകയും സൈനികമായി പിന്തുണച്ചതും കൊണ്ടാണ് ബംഗ്ലാദേശ് രൂപീകൃതവുമായത്.
അന്നത്തെ ഇന്ദിരാജിയുടെ ആ തീരുമാനം ലോകം അംഗീകരിക്കുകയുണ്ടായി. അതോടെ ഇന്ദിരാജി ഉരുക്കുവനിതയായി ലോകം അംഗീകരിക്കുകയും ചെയ്തു.
1975- 77 കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരാജിക്കെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. എങ്കിലും വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങളില്‍നിന്നും ഇന്ദിരാജി പിന്‍മാറിയില്ല.
രാജ്യം ഒക്ടോബര്‍ 31ന് ഇന്ദിരാ പ്രിയദര്‍ശിനിയുടെ രക്തസാക്ഷിത്വം ആചരിക്കുമ്പോള്‍ ആ ധീരയായ വനിതയുടെ പല നടപടിക്രമങ്ങളും രാജ്യത്തെ ഒരുപാട് ലോകത്തിനുമുന്നില്‍ ഉയരത്തിലെത്തിക്കാന്‍ സാധിച്ചു എന്നുള്ളത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ വകയുള്ളതാണ്.
ഭീകരരുടെ തോക്കിനുമുന്നില്‍ കീഴടങ്ങുമ്പോഴും ഭാരതത്തിനുവേണ്ടി കര്‍മ്മനിരതയായിരുന്നു ഇന്ദിരാഗാന്ധി. ഈ രക്തസാക്ഷിത്വ ദിനത്തില്‍ ഇന്ദിരാ പ്രിയദര്‍ശിനിക്ക് ഒരായിരം പ്രണാമം അര്‍പ്പിക്കുന്നു.

