

ടെക്‌സാസ്: പ്രാഥമിക വിദ്യാലയത്തില്‍ അതിക്രമിച്ച് കടന്നെത്തിയ അക്രമി നടത്തിയ വെടിവെയ്പില്‍ 18 വിദ്യാര്‍ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വെടിവെച്ചയാളെ നിയമപാലകര്‍ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു.

പ്രാദേശിക സമയം 11.32നായിരുന്നു സംഭവം. ടെക്‌സാസിലെ ഉവാള്‍ഡിലുള്ള റോബ് എലിമിന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് അക്രമി വെടിവെച്ചു കൊലപ്പെടുത്തിയത്. തന്റെ മുത്തശ്ശിയെ വെടിവെച്ച ശേഷം സ്‌കൂളിന് സമീപം വാഹനം ഇടിച്ച ആക്രമി സ്‌കൂളിനകത്തേക്ക് പ്രവേശിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വഴിയില്‍ കണ്ടവര്‍ക്കുമെല്ലാം നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ടെക്‌സസ് പൊതുസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തന്റെ ശരീരത്തില്‍ കവചം ധരിച്ചിരുന്ന അക്രമി പൊലീസുകാര്‍ക്കു നേരെയും വെടിവെയ്പ് നടത്തി. ഒന്നിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്. തുടര്‍ന്നാണ് ഇയാളെ കീഴ്‌പ്പെടുത്താന്‍ പൊലീസ് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്.
സാന്റ് അന്റോണിയോയില്‍ നിന്നും ഒന്നര മണിക്കൂര്‍ പടിഞ്ഞാറ് ഉവാള്‍ഡയില്‍ താമസിക്കുന്ന 18കാരനാണ് അക്രമത്തിന് പിന്നിലെന്നാണ് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു. സാല്‍വഡോര്‍ റാമോസ് എന്നാണ് പ്രതിയുടെ പേര്. വാഹനമുപേക്ഷിച്ച് കൈത്തോക്കും റൈഫിളുമായി സ്‌കൂളിലേക്ക് പ്രവേശിച്ച പ്രതി അതിഭീകരമായി വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമിയുടെ കൈയില്‍ കൈത്തോക്ക്, എ ആര്‍15 ആയുധം തുടങ്ങിയവ ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. വെടിവെയ്പുണ്ടായ സ്‌കൂളില്‍ രണ്ട്, മൂന്ന്, നാല് ഗ്രേഡുകളിലുള്ള വിദ്യാര്‍ഥികളാണ് പഠിക്കുന്നതെന്ന് ഉവാള്‍ഡെ സി ഐ എസ് ഡി പൊലീസ് മേധാവി പെഡ്രോ അറെഡോണ്ടോ അറിയിച്ചു.
സ്‌കൂളിലുണ്ടായ വെടിവെയ്പിനെ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ താന്‍ പ്രസിഡന്റായാല്‍ ഇല്ലാതാക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മനോഹരമായ ബാല്യകാലമുള്ള കുട്ടികള്‍ യുദ്ധക്കളത്തിലെന്നപോലെ മരിക്കുന്നത് കാണുകയും ചെയ്യേണ്ടി വരുന്നത് ദൈവഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമിയുടെ വെടിയേറ്റ് തലയില്‍ പരുക്കേറ്റ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാരിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തെ തുടര്‍ന്ന് 13 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ടു പേര്‍ മരിച്ചതായും ഉവാള്‍ഡെ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അറിയിച്ചു. അത്യാസന്ന നിലയിലുള്ള 66 വയസ്സുള്ള ഒരു വനിതയേയും 10 വയസ്സുള്ള പെണ്‍കുട്ടിയേയും മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

