
ആലപ്പുഴ: വിപ്ലവം കൊണ്ട് ജീവിതമെഴുതിയ വി എസ് അച്യുതാനന്ദന്‍ ഇനി കെടാത്ത ഓര്‍മ. പുന്നപ്രയിലെ വിപ്ലവ വീര്യമുള്ള വലിയ ചുടുകാട്ടില്‍ മകന്‍ ഡോ. അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍ എരിഞ്ഞടങ്ങിയത് ഒരു കാലത്തിന്റെ വിപ്ലവ നക്ഷത്രം.

ആയിരങ്ങള്‍ ഉറക്കെ മുഴക്കിയ മുദ്രാവാക്യവും കണ്ണീരു പോലെ തോരാതെ പെയ്ത മഴയും വി എസ് അച്യുതാനന്ദനെന്ന മുന്‍ കേരള മുഖ്യമന്ത്രിക്ക് അന്ത്യയാത്രാ മൊഴിയായി.

നേരത്തെ നിശ്ചയിച്ചതിലും മണിക്കൂറുകള്‍ വൈകിയാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. വി എസ് അച്യുതാനന്ദനെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് പൊതുദര്‍ശന സ്ഥലങ്ങളിലെത്തിയത്. മുഷ്ടിചുരുട്ടി അന്തരീക്ഷത്തിലേക്കുയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ത്യാഭിവാദ്യം നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലിയ ചുടുകാട്ടില്‍ വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിലും സി പി എം ജില്ലാ കമ്മിറ്റി ഓഫിസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും വി എസ് അച്യുതാനന്ദനെ അവസാനമായി കാണാന്‍ പൊതുദര്‍ശനം ഒരുക്കിയിരുന്നു.
പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷം മൃതദേഹം വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസ്‌കാരത്തിന് സാക്ഷിയാകുന്നതിന് വലിയ ചുടുകാട്ടില്‍ എത്തിയതിനാല്‍ കനത്ത സുരക്ഷ ഉറപ്പു വരുത്തിയിരുന്നു. വലിയ ചുടുകാട്ടിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

