ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പടിഞ്ഞാറന്‍ കവാടം യാഥാര്‍ഥ്യത്തിലേക്ക്

Web Desk
2 Min Read

ആലുവ: ആലുവ, അങ്കമാലി, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളുടെ വികസന പദ്ധതികള്‍ സംബന്ധിച്ച റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചാലക്കുടി എം പി ബെന്നി ബഹനാന്‍ അധ്യക്ഷത വഹിച്ചു. ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്, അഡീഷണല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ എം ആര്‍ വിജി, ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ സുനില്‍ കുമാര്‍, എറണാകുളം ഏരിയ മാനേജര്‍ പ്രമോദ് ഷേണായി, റെയില്‍വേ സീനിയര്‍ എന്‍ജിനീയര്‍മാരായ മാരിയപ്പന്‍, ഹാരിസ് യൂസഫ് സായി, ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

city exchange

ആലുവ റെയില്‍വേ സ്റ്റേഷന്‍ പടിഞ്ഞാറന്‍ കവാടം അമൃത് ഭാരത് സ്‌കീമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ വിശദമായ ഡി പി ആര്‍ അടിയന്തിരമായി തയ്യാറാക്കുന്നതിന് തീരുമാനിച്ചു. ഡി പി ആര്‍ ലഭിക്കുന്ന മുറക്ക് വിശദമായ ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനും ആലുവ സ്റ്റേഷനിലെ തെക്കുഭാഗത്ത് ലിഫ്റ്റും എസ്‌കലേറ്ററും സ്ഥാപിക്കുന്നതിനും തീരുമാനമായി.

നിലവില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റും എസ്‌കലേട്റ്ററും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ് എന്ന് ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുന്നതിന് തീരുമാനിച്ചു. ആലുവയിലെ പാര്‍ക്കിംഗ് സൗകര്യത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റം പ്രധാന കവാടത്തിനോട് ചേര്‍ന്ന് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു.

അങ്കമാലി, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് യാത്രക്കാര്‍ നേരിടുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അങ്കമാലിയിലെ ദേശീയപാതയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ദിശാസൂചികയും കമാനവും സ്ഥാപിക്കാന്‍ നടപടികള്‍ക്ക് തീരുമാനിച്ചു.

- Advertisement -
Ad image

അങ്ങാടിക്കടവ് അടിപ്പാതയിലെ ടാറിങ്, സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം എന്നിവ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അങ്കമാലിയിലെയും ചാലക്കുടിയിലെയും പ്ലാറ്റ്‌ഫോമില്‍ പൊതുജനങ്ങള്‍ക്ക് മഴയും വെയിലും ഏല്‍ക്കാത്ത രീതിയില്‍ മുഴുവനായി റൂഫിങ് സംവിധാനം ഒരുക്കാന്‍ നിര്‍ദ്ദേശിച്ചു.

അങ്കമാലിയില്‍ എസ്‌കലേറ്ററും ലിഫ്റ്റും തെക്ക് ഭാഗത്ത് ഒരു ഫുട് ഓവര്‍ബ്രിഡ്ജ് കൂടി നിര്‍മിക്കാനും നിര്‍ദ്ദേശിച്ചു. ചമ്പന്നൂര്‍ മേല്‍പാത റെയില്‍വേ തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളതും തുടര്‍നടപടികള്‍ക്ക് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറിയിട്ടുള്ളതാണെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെയും ആര്‍ ബി ഡി സി കെയുടെയും സഹായത്തോടെ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.

ആലുവ അങ്കമാലി ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളില്‍ നിലവില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കുന്നത് നടപടികള്‍ സ്വീകരിക്കുന്നതിനും ആലുവയില്‍ വന്ദേ ഭാരത് ട്രെയിന്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള ആവശ്യവും റെയില്‍വേ ബോര്‍ഡിനെ അറിയിക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.

ആലുവ ചൂര്‍ണിക്കരയില്‍ വെള്ളക്കെട്ട് സ്ഥിരമായി സംഭവിക്കുന്ന അടിപ്പാതയില്‍ ബെന്നി ബെഹനാന്‍ എം പി ചൂര്‍ണിക്കര ഭരണസമിതി അംഗങ്ങളോടൊപ്പം ഉദ്യോഗ സംഘത്തിന്റെ സാന്നിധ്യത്തില്‍ സന്ദര്‍ശിച്ചു. ചൂര്‍ണിക്കര പഞ്ചായത്തിന്റെ സഹകരണത്തോടെ അടിയന്തര പരിഹാരം നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനമായി.

Share This Article
Leave a Comment
error: Content is protected !!