
ദോഹ: യാത്രക്കാരുടെ പുറപ്പെടല്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും പൂര്‍ത്തിയാക്കാന്‍ മുഖം തിരിച്ചറിയല്‍ (ഫേഷ്യല്‍ റെക്കഗ്നിഷന്‍) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ‘ഫാസ്റ്റ് പാസ്’ സേവനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ഖത്തര്‍ എയര്‍വേയ്സും സംയുക്തമായി ആരംഭിച്ചു.

ഈ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് യാത്രയ്ക്കായി സ്വന്തം മുഖത്തിന്റെ ഡിജിറ്റല്‍ തിരിച്ചറിയല്‍ പ്രൊഫൈല്‍ സൃഷ്ടിക്കാനാകും. തുടര്‍ന്ന് ബോര്‍ഡിങ് പാസ് ഓരോ ഘട്ടത്തിലും കാണിക്കാതെ തന്നെ മുഖം തിരിച്ചറിഞ്ഞ് സെല്‍ഫ് സര്‍വീസ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകള്‍, ഓട്ടോമേറ്റഡ് സുരക്ഷാ പരിശോധനാ ഗേറ്റുകള്‍, സെല്‍ഫ് ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവയിലൂടെ കടന്നുപോകാന്‍ കഴിയും. സുരക്ഷയും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും ഉറപ്പാക്കിക്കൊണ്ടാണ് ഈ സേവനം നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

‘ഫാസ്റ്റ് പാസ്’ സേവനം പൂര്‍ണമായും ഐച്ഛികമാണ്. ഈ സേവനം ഉപയോഗിക്കാന്‍ താല്പര്യമില്ലാത്ത യാത്രക്കാര്‍ക്ക് നിലവിലുള്ള സാധാരണ ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ തുടര്‍ന്നും സ്വീകരിക്കാം.
സേവനത്തിന് അര്‍ഹരായ യാത്രക്കാര്‍ക്ക് രണ്ട് രീതിയിലാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഭാവിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് വഴി ഒരുതവണ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് അര്‍ഹതയുള്ള എല്ലാ യാത്രകളിലും ഈ സേവനം ഉപയോഗിക്കാനാകും.
അതേസമയം, അതേ ദിവസം യാത്ര ചെയ്യുന്നവര്‍ക്ക് പുറപ്പെടല്‍ ടെര്‍മിനലിലെ റോ3-ല്‍ സ്ഥാപിച്ചിരിക്കുന്ന സെല്‍ഫ് സര്‍വീസ് കിയോസ്കുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ രജിസ്ട്രേഷന് നിലവിലെ യാത്രയ്ക്ക് മാത്രമേ ബാധകമാകൂ.
വിമാനത്താവളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സെല്‍ഫ് സര്‍വീസ് കിയോസ്കില്‍ ഖത്തര്‍ എയര്‍വേയ്സ് ഓപ്ഷന് തിരഞ്ഞെടുക്കുകയും സ്വകാര്യതാ നിബന്ധനകള്‍ അംഗീകരിക്കുകയും പാസ്പോര്‍ട്ട് സ്കാന്‍ ചെയ്യുകയും വേണം. യാത്രയ്ക്ക് ഈ സേവനത്തിന് അര്‍ഹതയുണ്ടെങ്കില്‍ ഫോട്ടോ എടുത്ത് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. തുടര്‍ന്ന് ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഗേജ് ടാഗ് പ്രിന്റ് ചെയ്ത് ആവശ്യമായാല്‍ സമീപത്തെ സെല്‍ഫ് സര്‍വീസ് ബാഗേജ് ഡ്രോപ്പ് കൗണ്ടര്‍ ഉപയോഗിച്ച ശേഷം സുരക്ഷാ പരിശോധനയിലേക്ക് പ്രവേശിക്കാം.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് സുരക്ഷാ പരിശോധനാ ഗേറ്റുകളിലും ബോര്‍ഡിങ് ഗേറ്റുകളിലും മുഖം തിരിച്ചറിയല്‍ സംവിധാനത്തിലൂടെ ബോര്‍ഡിങ് പാസിന് പകരം പ്രവേശനം ലഭിക്കും. ഇതുവഴി യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ രേഖകള്‍ ആവര്‍ത്തിച്ച് പരിശോധിക്കേണ്ട സാഹചര്യം ഗണ്യമായി കുറയും.
പുതിയ ബയോമെട്രിക് യാത്രാസേവനം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും ആവശ്യമായ സഹായം നല്കാന് വിമാനത്താവള ജീവനക്കാര്‍ സജ്ജമായിരിക്കുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

