വൈക്കം മുഹമ്മദ് ബഷീര്‍ മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത സുല്‍ത്താന്‍

Web Desk
1 Min Read

ദോഹ: അറനിറഞ്ഞ ഭാവനയുടേയും തീവ്രമായ ജീവിതാനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ മലയാള ഭാഷയിലും സാഹിത്യത്തിലും നൂതനങ്ങളായ വാക്കുകളും പ്രയോഗങ്ങളും സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീര്‍ മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത സുല്‍ത്താനാണെന്ന് ഖത്തറില്‍ മീഡിയ പ്ലസ് സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌ക്കാരത്തിലൂടെ ബഷീര്‍ ഇന്നും നമുക്ക് ചുറ്റും ജീവിക്കുകയാണെന്നും ബഷീറിന്റെ ഓര്‍മകള്‍ക്ക് മരണമില്ലെന്നും ചടങ്ങ് വിലയിരുത്തി. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഓരോ ബഷീറിയന്‍ കഥാപാത്രങ്ങളും ഇന്നും നമുക്ക് ചുറ്റും സജീവമായി കാണുന്നുവെന്നത് തന്നെയാണ് ബഷീറിയന്‍ സാഹിത്യത്തിന്റെ സമകാലിക പ്രസക്തി.

city exchange

മലയാള സാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും സരസനും ജനകീയനും പ്രിയങ്കരനുമായ എഴുത്തുകാരനാണ് ബഷീറെന്നും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച ബഷീറിന്റെ ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന് എന്ന ആശയം ചിന്തയുടേയും ഭാവനയുടേയും നൂതനാവിഷ്‌കാരമാണെന്നും ചര്‍ച്ച ഉദ്ഘാടനം ചെയ്ത ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ സി സാബു അഭിപ്രായപ്പെട്ടു.

ജീവിതത്തില്‍ കണ്ടും അനുഭവിച്ചമുള്ള കഥാപാത്രങ്ങളെ സ്വതസിദ്ധമായ ശൈലിയില്‍ ആവിഷ്‌ക്കരിച്ചാണ് ബഷീര്‍ ജനമനസുകളില്‍ സ്ഥാനം നേടിയത്. കൊട്ടാരങ്ങളില്‍ വാണിരുന്ന മലയാള സാഹിത്യത്തെ സാധാരണക്കാരിലേക്കും തെരുവുകളിലേക്കും ഇറക്കിക്കൊണ്ടുവന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി പറഞ്ഞു.

സന്തോഷത്തിന്റേയും സംതൃപ്തിയുടേയും പുതിയ രസതന്ത്രമാണ് ബഷീറിയന്‍ കൃതികളെ സവിശേഷമാക്കുന്നത്. മനുഷ്യരോടും പ്രകൃതിയോടുമുള്ള നിരുപാധിക സ്നേഹത്തിന്റെ ഉജ്വല മാതൃകകളും ബഷീറിയന്‍ രചനകളുടെ പ്രത്യേകതകളാണ്.

- Advertisement -
Ad image

കലാ പ്രേമി മാഹീന്‍, ജയശ്രീ സുരേഷ്, മജീദ് നാദാപുരം, ഷഫീര്‍ വാടാനപ്പള്ളി, ഗോപകുമാര്‍ തിരുവല്ല, റാഫി പാറക്കാട്ടില്‍, ഷാനു മേലാറ്റൂര്‍, നസീഹ മജീദ്, റഊഫ് മലയില്‍, സുജിത് ചേരൂര്‍ സംസാരിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!